ഹാങ്ചൊ: സ്ക്വാഷില്‍ ഭാരതം ഇന്നലെ ഉറപ്പാക്കിയത് മൂന്ന് മെഡലുകള്‍. പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍, മിക്സഡ് ഡബിള്‍സില്‍ അനാഹത് സിങ്-അഭയ്സിങ് സഖ്യം, ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല് സിങ് സഖ്യം എന്നിവര്‍ സെമിയിലേക്ക് മുന്നേറി.
പുരുഷ സിംഗിള്‍സില്‍ ജപ്പാന്റെ റ്യുനോസുകെ സ്യൂക്യൂവിനെ 3-0ന് കീഴടക്കിയ ഭാരത താരം സൗരവ് ഘോഷാല്‍ അനായാസം സെമിയിലെത്തി. മൂന്ന് സെറ്റിലും വമ്പന്‍ ജയമാണ് ഘോഷാല്‍ നേടിയത്. 11-4ന് ആദ്യ ഗെയിം ജയിച്ചു തുടങ്ങിയ ഭാരത താരം അവസാനിപ്പിച്ചത് 11-3ന്റെ വിജയത്തോടെ.
മിക്സഡ് ഡബിള്‍സില്‍ രണ്ട് ഭാരത ജോഡികളാണ് സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചിട്ടുള്ളത്. പരിചയ സമ്പന്നരായ ദീപിക പള്ളിക്കലും ഹരീന്ദര്‍ പാല് സിങ്ങും ചേര്‍ന്ന സഖ്യം ഫിലിപ്പീന്‍സിന്റെ ജെംസിയ ആറിബിദോ-റോബര്‍ട്ട് ആന്‍ഡ്രൂ സഖ്യത്തെ 2-1ന് കീഴടക്കി.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഭാരത ജോഡികള്‍ അതിഗംഭീര പ്രകടനത്തിലൂടെ മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 7-11, 11-5, 11-4
യുവതാരങ്ങളായ അനാഹത് സിങ്-അഭയ് സിങ് സഖ്യമാണ് മിക്സഡ് ഡബിള്‍സില്‍ മെഡലുറപ്പിച്ച മറ്റൊരു ഭാരത സഖ്യം. കൊറിയന്‍ സഖ്യം യാങ് യിവോന്സൂ-ലീ ഡോങ്ജന് സഖ്യത്തെ 2-1ന് പരാജയപ്പെടുത്തി. ആദ്യ ഗെയിമില്‍ 11-4ന്റെ മികച്ച ജയം നേടിയ ഭാരതം രണ്ടാം ഗെയിം 8-11ന് നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമില്‍ എതിരാളികളെ തീര്‍ത്തും മുക്കിക്കൊണ്ട് 11-1ന് അനാഹതും അഭയും സെമിം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: