ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് ഫൈനലുറപ്പിക്കാന്‍ ഭാരതം ഇന്ന് സെമിക്കിറങ്ങുന്നു. കരുത്തരായ ദക്ഷിണ കൊറിയയാണ് എതിരാളികള്‍. പൂള് എ ചാമ്പ്യന്മാരായാണ് ഭാരതം അവസാന നാലില്‍ ഇടംപിടിച്ചതെങ്കില്‍ പൂള് ബിയില്‍ ചൈനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയയുടെ സെമി പ്രവേശം.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലുള്ള ഭാരതത്തിന് ഇന്ന് കൊറിയയെ പരാജയപ്പെടുത്തി 2014ന് ശേഷം ഫൈനല്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ ദിവസം നടന്ന പൂളിലെ അവസാന മത്സരത്തില്‍ ഭാരതം ബംഗ്ലാദേശിനെ മറുപടിയില്ലാത്ത 12 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പൂളിലെ അഞ്ച് കളികളില്‍ നിന്നായി 58 ഗോളടിച്ച ഭാരതം ആകെ വഴങ്ങിയത് അഞ്ചെണ്ണം മാത്രമാണ്. ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് സിങ്, അഭിഷേക് എന്നിവരുടെ സ്കോറിങ്ങ് മികവിലാണ് ഭാരതത്തിന്റെ പ്രതീക്ഷ.
മറുവശത്ത് 2006ലെ ദോഹ ഗെയിംസിനുശേഷം ആദ്യ ഫൈനലാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്. പൂള് മത്സരത്തില്‍ ദക്ഷിണ കൊറിയ മലേഷ്യയെയും ഒമാനെയും ഇന്തോനേഷ്യയെയും തായ്ലന്ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആതിഥേയരായ ചൈനയോട് പരാജയപ്പെടുകയായിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ചൈന ജപ്പാനെ നേരിടും. കരുത്തരായ പാകിസ്ഥാനെ മറികടന്നാണ് ഭാരതത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ജപ്പാന് സെമിയിലെത്തിയത്. നിലവിലെ സ്വര്‍ണ ജേതാക്കളാണ് ജപ്പാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: