കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനെതിരെ ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും അഴിമതികള്‍ക്കെതിരെ പുതിയൊരു സമരമുഖം തുറന്നിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്ത, കരുവന്നൂര്‍ ബാങ്കില്‍നിന്ന് തൃശൂര്‍ ജില്ല സഹകരണബാങ്കു വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ സഞ്ചരിച്ച പദയാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ മുന്നറിയിപ്പുകൂടിയായി. സുരേഷ് ഗോപി നയിക്കുന്ന ഈ പദയാത്രയെ പരാജയപ്പെടുത്തുന്നതിന് അതിനു മുന്‍പായി നിരവധി കള്ള പ്രചാരണങ്ങള്‍ സിപിഎം നേതൃത്വം നടത്തിയിരുന്നു. അത് തള്ളിക്കൊണ്ടാണ് ആവേശവും രോഷവും പ്രകടിപ്പിച്ച് ജനങ്ങള്‍ ഒന്നടങ്കം അണിനിരന്നത്. എന്തിനുവേണ്ടിയാണ് താന്‍ ഈ പദയാത്ര നടത്തുന്നതെന്ന് സുരേഷ് ഗോപി തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ നരകിക്കുന്ന പാവപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് തന്റെ സമരമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നതിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന സിപിഎമ്മിന്റെ ആരോപണം തള്ളിക്കളഞ്ഞ സുരേഷ് ഗോപി, കൊട്ടിയൂരിലും കൊട്ടിയത്തും സമാന രീതിയില്‍ താന്‍ പദയാത്ര നടത്തിയിട്ടുണ്ടെന്നും, കരുവന്നൂര്‍ തട്ടിപ്പിനെതിരെ ഒരു വര്‍ഷം മുന്‍പ് അവിടം സന്ദര്‍ശിച്ച് താന്‍ സംസാരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന കള്ളപ്രചാരണമാണ് സിപിഎം കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളുടെ നിയന്ത്രണം പിടിച്ചെടുത്ത സിപിഎം, നിക്ഷേപകരെ വഞ്ചിച്ചും കബളിപ്പിച്ചും കള്ളപ്പണം വെളുപ്പിച്ചുമൊക്കെ ശതകോടികള്‍ തട്ടിയെടുത്തിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണം തങ്ങളുടെ പ്രമുഖ നേതാക്കളിലേക്കും എത്തുമെന്ന് അറിഞ്ഞതോടെയാണ് സിപിഎം പരിഭ്രാന്തിയിലായിരിക്കുന്നത്. സിപിഎം നേതാക്കളും സഹകരണ ബാങ്കുകളുടെ ചുമതലക്കാരുമായ അരവിന്ദാക്ഷനെയും കണ്ണനെയുമൊക്കെയാണ് ഇപ്പോള്‍ ഇഡി പിടികൂടിയിട്ടുള്ളതെങ്കിലും മറ്റ് നേതാക്കള്‍ക്കും തട്ടിപ്പിലുള്ള ബന്ധം വ്യക്തമാണ്. കേസില്‍ പ്രതികളായ നേതാക്കളില്‍നിന്ന് എ.സി.മൊയ്തീനെയും ഇ.പി. ജയരാജനെയും പി.കെ.ബിജുവിനെയും പോലുള്ള നേതാക്കളിലേക്ക് എത്തുന്നത് തടയാനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇ ഡിയുടെ ചോദ്യംചെയ്യലിനു ഹാജരാവുന്നതിന് മുന്‍പ് കണ്ണന് മുഖ്യമന്ത്രിയെ കണ്ടത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നേതാവ് ഇഡിക്കു മുന്നില്‍ പെരുമാറിയത്. ഇത്തരം ചെപ്പടാച്ചികള്‍ കൊണ്ടൊന്നും ഇ ഡിയെ കബളിപ്പിക്കാനാവില്ലെന്ന് അറിയാമെങ്കിലും സാവകാശം ലഭിച്ചാല്‍ എന്തെങ്കിലും കടുംകൈ പ്രയോഗിക്കാമെന്ന ചിന്തയാണ് സിപിഎം നേതൃത്വത്തിനും പിണറായി സര്‍ക്കാരിനുമുള്ളത്.
പാവങ്ങളുടെ പണം കവര്‍ന്നതിനു പുറമെ അവരെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാരും സിപിഎമ്മും. കേരളബാങ്കില്‍ നിന്ന് കരുവന്നൂരിലേക്ക് പണമെത്തിച്ച് ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. ഇഡി ഇതിന് തടസ്സം നില്‍ക്കുകയാണെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍ കരുവന്നൂരിലെ പണം കവര്‍ന്നത് പാര്‍ട്ടി നേതാക്കളാണ്. അവരില്‍നിന്ന് അത് തിരിച്ചുപിടിക്കുകയാണ് വേണ്ടത്. ഇതിനു പകരം ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നും മറ്റു ബാങ്കുകളില്‍നിന്നും എടുത്തുകൊടുക്കുമെന്ന് പറയുന്നത് പെരുംനുണയാണ്. തീര്‍ത്തും നിയമവിരുദ്ധവുമാണ്. ആര്‍ബിഐ ഇതിന് സമ്മതിക്കുകയുമില്ല. എന്നിട്ടും ജനങ്ങളുടെ പണം നഷ്ടപ്പെടില്ലെന്നും, അത് തിരിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്. പാര്‍ട്ടി പറഞ്ഞാല്‍ കേരളാ ബാങ്കിന്റെ പണം നല്കുമെന്നു പറഞ്ഞ നേതാവിന് മണിക്കൂറുകള്‍ക്കകം അത് പിന്‍വലിക്കേണ്ടിവന്നുവല്ലോ. സഹകരണ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം എന്തൊക്കെയാണോ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് അത് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. 2016 ലെ നോട്ടുനിരോധന കാലം മുതല്‍ സഹകരണ ബാങ്കുകളില്‍ ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നതാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലിയെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചപ്പോള്‍ താനും അവിടെയുണ്ടായിരുന്നുവെന്ന സുരേഷ് ഗോപിയുടെ വെളിപ്പെടുത്തലിനോട് സിപിഎം നേതാക്കള്‍ പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. അതിനവര്‍ക്ക് ധൈര്യമില്ല. ഇ ഡിയുടെ അന്വേഷണം ഇനി കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊക്കെ വ്യാപിക്കാമെന്ന സുരേഷ് ഗോപിയുടെ മുന്നറിയിപ്പ് ഇരട്ടച്ചങ്കന്മാരെ കിടുകിടാ വിറപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: