തൃശൂര്‍: തൃശൂര്‍ ജില്ലയെ ഇളക്കിമറിച്ചാണ് സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം അരങ്ങിലെത്തിയത്. കരുവന്നൂര്‍ ബാങ്കിലെ സിപിഎം അഴിമതിയ്ക്കെതിരെ മലയാളത്തിന്റെ നടന് ഒറ്റയടിക്ക് നടന്നത് 18 കിലോമീറ്റര്‍ ദൂരം.
ജനങ്ങള്‍ക്കും അത് അത്ഭുതമായിരുന്നു. ഒറ്റയടിക്ക് 18 കിലോമീറ്റര്‍ നടക്കുകയോ? അതും ഒരു സൂപ്പര്‍ സ്റ്റാര്‍? പക്ഷെ സാധാരണക്കാരില്‍ ഒരാളെപ്പോലെ കരുവന്നൂര്‍ ബാങ്കില്‍ പണം നഷ്ടപ്പെട്ടവരുടെ നിസ്സഹായതയും രോഷവും ആവാഹിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ നടത്തം.
കരുവന്നൂര്‍ പാലത്തിനടുത്ത് സുരേഷ് ഗോപിയെ കാത്ത് അംബിക നിന്നിരുന്നു. തന്റെ കാലിന് വേദനയില്ലായിരുന്നെങ്കില്‍ താനും സുരേഷ് ഗോപിയ്ക്കൊപ്പം നടന്നേനെ എന്ന് അംബിക രോഷത്തോടെ പറഞ്ഞു. അവരുടെ കൊച്ചുമരുമകന്‍ അരുണ്‍ കരുവന്നൂര്‍ ബാങ്കിലെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. പത്ത് ലക്ഷം ഇപ്പോള്‍ ബാങ്കില്‍ കുടുങ്ങിക്കിടക്കുന്നു.
ചായക്കടയുടമ ചന്ദ്രന് കെ.കെ. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ തന്നെ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പണം കരുവന്നൂര്‍ ബാങ്കിലില്ല. കരുവന്നൂരിന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പനംകുളം എട്ടുമന സഹകരണബാങ്കിലാണ്. ഞങ്ങളുടെ ബാങ്കിന് കുഴപ്പമൊന്നുമില്ല. പക്ഷെ എപ്പോഴാണ് ബാധിക്കുക എന്നറിയില്ലല്ലോ. -അദ്ദേഹം പറഞ്ഞു.
പനംകുളത്ത് സുരേഷ് ഗോപിയ്ക്കായി കണ്ണുംനട്ട് 78 കാരി പുഷ്പ അര്‍ജിനി നിന്നിരുന്നു. അവരുടെ മകന്റെ ആറ് ലക്ഷം രൂപയാണ് കരുവന്നൂരില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാണ് ഈ പണം കിട്ടുക എന്നറിയില്ല.- അവര്‍ പറഞ്ഞു.
“സഹകരണമേഖലയ്ക്ക് ഒരു ശുദ്ധികലശം ആവശ്യമാണ്”- ഉദ്ഘാടന പ്രസംഗത്തില്‍ സുരേഷ് ഗോപി പറഞ്ഞത് ഇതാണ്.
സ്റ്റേജില്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും പണം നിഷേധിച്ചതിനാല്‍ മരിച്ച ഫിലോമിന ദേവസ്യ, റോയ്, രാമന് എടച്ചാലി എന്നിവരുടെ ചിത്രങ്ങള്‍ തൂക്കിയിരുന്നു. കരുവന്നൂര്‍ അഴിമതി മൂലം ജീവനൊടുക്കിയ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ടി.എം. മുകുന്ദന്, ജോസ് ആലപ്പാടന്‍ എന്നിവരുടെ ഫോട്ടോകളും സ്റ്റേജിനെ അലങ്കരിച്ചിരുന്നു.
“ഞാന്‍ ആവേശത്തോടെയല്ല ഇവിടെ നില്‍ക്കുന്നത്. നിങ്ങളില്‍ ആവേശം കുത്തിവെയ്ക്കാനുമല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്”.- സുരേഷ് ഗോപി ജീവന് നഷ്ടപ്പെട്ടവരെ ഓര്‍ത്ത് പറഞ്ഞു. “പാവങ്ങളുടെ പണം സഹകരണബാങ്കുകളില്‍ നിന്നും കൊള്ളയടിച്ചവരെ ഈ വഞ്ചനയുടെ പേരില്‍ തുടച്ചുനീക്കണം.”- സുരേഷ് ഗോപി പറഞ്ഞു.
“ഹനുമാന്റെ വാലിന് പിടിച്ച തീ ഇനി കണ്ണൂരിലേക്കും മലപ്പുറത്തേയ്ക്കും കണ്ടലയിലേക്കും വ്യാപിക്കും.”- അഴിമതികള്‍ നടന്ന സഹകരണബാങ്കുകളെ ഓര്‍മ്മിച്ച് സുരേഷ് ഗോപി പറഞ്ഞു.
“സഹകരണബാങ്കുകള്‍ വളര്‍ന്നത് അംബാനിയുടെയും അദാനിയുടെയും പണം കൊണ്ടല്ല. ദിവസവേതനക്കാര്‍, ഓട്ടോറിക്ഷക്കാര്‍, ടീച്ചര്മാര്, പെന്‍ഷന്‍കാര്‍ തുടങ്ങിയ സാധാരണക്കാരുടെ രക്തവും വിയര്‍പ്പും മൂലമാണ്. “- സുരേഷ് ഗോപി പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു സുരേഷ് ഗോപിയെ അനുഗമിച്ച കാല്‍നടജാഥയ്ക്ക്. അത്രയ്ക്കേറെപ്പേര്‍ ജാഥയില്‍ അണിനിരന്നു.
കരുവന്നൂരില്‍ നിന്നും തൃശൂര്‍ ജില്ലാ സഹകരണബാങ്ക് വരെയുള്ള നടത്തത്തിനിടയില്‍ റോഡിന് ഇരുവശത്തും ആളുകള്‍ തടിച്ചുകൂടി. സൂപ്പര്‍ സ്റ്റാറിനെ നേരിട്ടു കാണുക എന്നതിനപ്പുറം കരുവന്നൂര്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളോടുള്ള രോഷമായിരുന്നു അവരെ റോഡിന് ഇരുവശത്തും തടിച്ചുകൂടാന്‍ പ്രേരിപ്പിച്ചത്. സുരേഷ് ഗോപിയ്ക്ക് ഒപ്പം നടന്നത് ബിജെപിക്കാര്‍ മാത്രമല്ല. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനിരയായവരും സിപിഎം നേതാക്കളുടെ തട്ടിപ്പിനോടുള്ള പ്രതിഷേധമുള്ളവരും കൂടി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: