കൊച്ചി: ഗുരുവായൂരപ്പന്റെ വഴിപാട് പണവും സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ ആണ് ഹര്‍ജിക്കാരന്‍.
കേരളമെങ്ങും കോടികളുടെ സഹകരണക്കൊള്ളകളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ വരുമാനവും സഹകരണ സംഘങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിക്കണം.ജി. സുധാകരൻ ദേവസ്വം മന്ത്രിയും സഹകരണ മന്ത്രിയും ആയിരുന്ന കാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 450 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപമായി പോയി എന്നുള്ള മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷണിക്കണം- ഹര്‍ജി ആവശ്യപ്പെടുന്നു.
ഭക്തർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിക്കുന്ന ധനവും, സ്വർണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും, വഴിപാടിനായി നൽകുന്ന തുകയും അടക്കമുള്ള വമ്പിച്ച സമ്പത്ത് ഗുരുവായൂർ ദേവസ്വത്തിന് ഉണ്ട്. ഇതൊക്കെ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കുകയാണു പതിവ്. നിക്ഷേപം ബാങ്കുകളിൽ മാത്രമാണോ അതോ ഏതെങ്കിലും സഹകരണ സംഘങ്ങളിൽ ഈ നിക്ഷേപമുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം ബെഞ്ച് സത്വരനടപടികൾ സ്വീകരിക്കണം. – ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 25 കോടി രൂപ കടം എന്ന രൂപത്തിൽ സർക്കാർ എടുത്തത് ഇതുവരെ തിരികെ നല്‍കിയതായി വാർത്തകൾ കണ്ടിട്ടില്ല. കൂടാതെ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായി ഗുരുവായൂർ ദേവസ്വത്തിന്റെ 10 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി.ഈ പശ്ചാത്തലത്തിലാണ് ഗുരുവായൂര്‍ ദേവസ്വം പണം സഹകരണബാങ്കുകളിലേക്ക് മറിക്കാനുള്ള സാധ്യത കാണുന്നത്. ഇത് വിശദമായി അന്വേഷിക്കണം.- ഹർജി ആവ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: