ഗുവാഹത്തി: അസമിലെ വിമാനത്താവളത്തിനകത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി അസമിലെ ഗുവാഹത്തി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊര്‍ദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിനകത്താണ് പ്രത്യേകം പ്രാര്‍ത്ഥനാമുറി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം വിശ്വാസിയായ സെയ്ദുര്‍ സമാന് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന് ഖൗണ്ട് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. പ്രത്യേകം ആരാധനാലയങ്ങള്‍ നിങ്ങള്‍ക്കില്ലേ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. ഉണ്ട് എന്ന് മറുപടി കിട്ടിയപ്പോള്‍ എന്തിനാണ് ഇനി വിമാനത്താവളത്തിനകത്ത് പ്രത്യേകം പ്രാര്‍ത്ഥനാമുറി, ആരാധനാലയത്തിലേക്ക് പോകൂ എന്നായിരുന്നു കോടതിയുടെ മറുപടി.
“ഓരോ പൊതു സ്ഥാപനത്തിനകത്തും പ്രാര്‍ത്ഥനാമുറി വേണമെന്ന കോടതി നിര്‍ദേശം കിട്ടാന്‍ ഓരോ പൗരനും എവിടെയാണ് 25ാം നിയമം അവകാശം നല്‍കുന്നത്?”- ഹൈക്കോടതി ചോദിച്ചു. ഇത്തരത്തില്‍ അനുവാദം നല്കിയ ഏതെങ്കിലും ഒരു വിധി കാണിച്ചു തരാനും ഹര്‍ജിക്കാരനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
“ഏതാനും വിമാനത്താവളങ്ങളില്‍ പ്രത്യേകം നിസ്കാരമുറി സര്‍ക്കാര്‍ നിര്മ്മിച്ചിട്ടുണ്ടാകാം. അതിനര്‍ത്ഥം എല്ലാ പൊതു സ്ഥാപനങ്ങളിലും നിസ്കാരമുറി പണിയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരാന്‍ ഓരോ പൗരനും അനുവാദം നല്‍കുക എന്നല്ല.” – ഹര്‍ജിക്കാരനായ സെയ്ദുര്‍ സമാനോട് ഹൈക്കോടതി താക്കീത് നല്കി.
“എന്തുകൊണ്ടാണ് പ്രാര്‍ത്ഥനാമുറി വേണമെന്ന ഹര്‍ജികള്‍ ഒരു പ്രത്യേകസമുദായത്തിന്റെ മാത്രം കുത്തകയായി മാറിയത്? ഇത് ഒരു മൗലിക അവകാശമാണോ? പ്രാര്‍ത്ഥനയ്ക്ക് മാത്രമായി പുറത്ത് പ്രത്യേകം ഇടങ്ങളുണ്ട്. അവിടെ പോകണമെന്നുള്ളവര്‍ക്ക് അങ്ങോട്ട് പോയി പ്രാര്‍ത്ഥിക്കാം.” – കോടതി നിര്‍ദേശിച്ചു.
ചില ഫ്ലൈറ്റുകള്‍ നമാസ് നല്‍കേണ്ട സമയത്താണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുവാദം. എന്നാല്‍ നമാസ് നല്‍കേണ്ട സമയത്തല്ലാത്ത, മറ്റ് ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: