ബ്രിട്ടണിലെ അതിപുരാതനമായ മരം മുറിച്ച 16-കാരൻ അറസ്റ്റിൽ. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഹാട്രിയൻ മതിലിന് സമീപത്ത് ഏകദേശം 200 വർഷം പഴക്കം വരുന്ന മരം മുറിച്ച കേസിലാണ് കൗമാരക്കാരൻ അറസ്റ്റിലായത്. സികാമോർ ഗാപ് എന്ന പടുകൂറ്റൻ മരമാണ് വെട്ടിയത്.
2016-ൽ വുഡ്‌ലാൻഡ് ട്രസ്റ്റിന്റെ ട്രീ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ മരമാണ് സികാമോർ. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രം കൂടിയായിരുന്നു ഈ മരം. അന്താരാഷ്‌ട്ര തലത്തിൽ പോലും പ്രശസ്തമായ മരമാണിത്. എഡി 122-ൽ ഹാഡ്രിയൻ ചക്രവർത്തിയുടെ കാലത്ത് നിർമ്മിച്ചതാണ് ഹാഡ്രിയൻ മതിൽ. റോമൻ ബ്രിട്ടാണിയ്‌ക്കും കാലിഡോണിയയ്‌ക്കുമിടയിൽ അതിർത്തിയായി ഇത് നിലകൊള്ളുന്നു.
നിരവധി പട്ടാളക്കാരും കുടുംബങ്ങളും ഈ മതിലിനോട് ചേർന്നാണ് കഴിഞ്ഞിരുന്നത്. ഇതിന്റെയെല്ലാം തെളിവുകൾ പുരാവസ്തു ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. റോമൻ ജീവിതത്തെക്കുറിച്ച് സൂചന നൽകിയ അവശിഷ്ടങ്ങളായിരുന്നു ഇത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഓർമ്മകൾ നിലനിൽക്കുന്ന സ്ഥലമായിരുന്നു സികാമോർ ഗാപ് എന്ന് നോർത്തുംബ്രിയ പോലീസ് ക്രൈം കമ്മീഷണർ കിം മക്ഗിന്നസ് പറഞ്ഞു. ക്രൂരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്ന് പ്രകൃതി സ്‌നേഹികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: