തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവിട്ടു. സുരക്ഷ കാറ്റില്‍പ്പറത്തി പാലക്കാട് സ്വദേശി മുഹമ്മദ് നിയാസ്ഹൈമാസ്റ്റ് ലൈറ്റുകള്‍ താഴിട്ട് പൂട്ടുകയും, ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തതിലാണ് അന്വേഷണം.
സെപ്തംബര്‍ 5 ന് ഡാം സേഫ്റ്റി എക്സി. എന്‍ജിനീയര്‍ ഇടുക്കി പോലീസില്‍ നല്കിയ പരാതി പ്രകാരമാണ് അന്വേഷണം. ഇടുക്കി പോലീസിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല.
അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ചേര്‍ന്നിരുന്നു. ഡാമിന്റെ സുരക്ഷ ശക്തമാക്കാന്‍ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഡാം പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തെ വേലിക്കെട്ട് ബലപ്പെടുത്താനും തീരുമാനിച്ചിരുന്നു.
അണക്കെട്ടില്‍ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടരുകയാണ്. സ്വമേധയാ വരാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി എആര്‍ ക്യാമ്പിലെ രാജേഷ് കെ, ബിനോജ് വി. എ., അബ്ദുള്‍ ഗഫൂര്‍, സുരേന്ദ്രന് പി. ആര്., അജേഷ് കെ. ജി., മനു ഒ. എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാതെ മുഹമ്മദ് നിയാസിനെ കടത്തിവിട്ടുവെന്ന് അഡീ. എസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: