അമൃത്സര്‍: വയറുവേദനയുമായെത്തിയ 40-കാരന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വസ്തുക്കള്‍. പഞ്ചാബിലെ മോഗയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാല്പ്പതുകാരാനായ രോഗി മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. കടുത്ത വയറുവേദനയും ഓക്കാനവും ആയിട്ടാണ് രോഗി ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് വേദനയുടെ കാരണമറിയാന്‍ ഡോക്ടര്‍ വയറിന്റെ എക്സറേ എടുത്തു. അപ്പോഴാണ് സംഭവം കാണുന്നത്. ഇയര്‍ഫോണ്‍, വാഷര്‍, നട്ടും ബോള്‍ട്ടും, ലോക്കറ്റ്, വയര്‍, ബട്ടനുകള്‍. റാപ്പര്‍, ഹെയര്‍ ക്ലിപ്പ്, സിപ്പര്‍ ടാഗ്, മാര്‍ബിള്‍, സേഫ്റ്റി പിന്,എന്നിങ്ങനെ നിരവധി സാധനങ്ങളായിരുന്നു യുവാവിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്.
ഉടന്‍ തന്നെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഏറെ നാളായി ഈ വസ്തുക്കള്‍ വയറിനുള്ളില്‍ കിടന്ന് ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എങ്ങനെയാണ് ഈ വസ്തുക്കള്‍ യുവാവിന്റെ വയറ്റില്‍ എത്തിയത് എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല, വീട്ടുകാര്‍ക്കും ധാരണയില്ല. മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് ബന്ധുക്കള്‍ ഡോക്ടറെ അറിയിച്ചിരുന്നു. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു രോഗി തന്നെ കാണാന്‍ എത്തുന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അജ്മേര്‍ കാല്‍റ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: