ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര ജി20 നേതാക്കളുടെ ഉച്ചകോടിയുടെ തുടര്‍ നടപടികള്‍ അവലോകനം ചെയ്തു. ജി20 ഉച്ചകോടി ഒറ്റത്തവണ മാത്രം നടക്കുന്ന ഒന്നല്ലെന്നും ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര പറഞ്ഞു. വിവിധ കര്‍മസമിതികള്‍ക്ക് നേതൃത്വം നല്‍കുന്ന ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും അവയുടെ നിര്‍ദിഷ്ട ഫലങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉന്നതതല നിരീക്ഷണ സമിതിക്കും രൂപംനല്‍കും.
പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ച ജി 20 വെര്‍ച്വല്‍ ഉച്ചകോടിക്ക് തയ്യാറാകാന്‍ യോഗത്തില്‍ ഡോ. പി കെ മിശ്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജി 20 സെക്രട്ടറിയറ്റ്, ഡിഇഎ, എംഇഎ എന്നിവയെല്ലാം വെര്‍ച്വല്‍ ജി20 നടപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
പ്രഖ്യാപനത്തില്‍ നിന്നും നേരത്തെയുള്ള മന്ത്രിതല/കര്‍മസമിതി യോഗങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡോ. മിശ്ര മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പങ്കാളികളുമായി വെബിനാറുകള്‍ നടത്താനും ഈ പ്രക്രിയയില്‍ സംസ്ഥാന ഗവണ്മെന്റുകളെയും ചിന്തകരേയും ഉള്‍പ്പെടുത്താനും അദ്ദേഹം മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.ഓരോ കര്‍മസമിതിയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതുക്കിയ പ്രതിമാസ വിവരങ്ങള്‍ നല്‍കണം
ആഫ്രിക്കന്‍ യൂണിയനെ പ്രത്യേകിച്ചും, ഗ്ലോബല്‍ സൗത്ത് മേഖലയെ പൊതുവെയും, പിന്തുണയ്‌ക്കുക എന്നത് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും തുടരേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ യൂണിയനുമായി ബന്ധപ്പെടുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ടാമത്തെ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയിലാണ് വിദേശകാര്യ മന്ത്രാലയം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജി20 കാര്യപരിപാടിയില്‍ ഗ്ലോബല്‍ സൗത്ത് മേഖലയ്‌ക്കായുള്ള പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ അധ്യക്ഷതയ്‌ക്ക് അസാധാരണമായ നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: