മലപ്പുറം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് കോഴ നല്‍കിയ വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഓഗസ്റ്റ് 17-ന് അറിയിച്ചിരുന്നതായി പരാതിക്കാരന്റെ സുഹൃത്തും സിപിഐ വിദ്യാര്‍ഥി സംഘടനയുടെ നേതാവുമായിരുന്ന കെ.പി. ബാസിത്. നേരിട്ട് പരാതി പറയാന്‍ മന്ത്രിയുടെ ഓഫീസില്‍ പോയതിന്റെ ചിത്രങ്ങള്‍ ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ. സജീവ് അടക്കമുള്ളവരെ പരാതി ബോധിപ്പിച്ചുവെന്നും ബാസിത് പറയുന്നു.
എസ്.എം.എസ് മുഖേന പരാതി നല്‍കുന്ന കാര്യം മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. അഖിലിന്റെ പലവട്ടം ഫോണിൽ വിളിച്ചിട്ടും നേരിട്ട് കാണാൻ തയാറാവുന്നില്ലെന്ന പരാതി പ്രൈവറ്റ് സെക്രട്ടറിയെ ധരിപ്പിച്ചതായും ബാസിത് പറയുന്നു. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തായ ബാസിത് എഐഎസ്എഫ് മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റാണ്. തട്ടിപ്പുനടന്നുവെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ബാസിത്, ആരോപണവിധേയനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.
അഖിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമില്ലാതായതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ തീരുമാനിക്കുന്നത്. ഇക്കാര്യം എസ്.എം.എസായി അഖില്‍ മാത്യുവിനെ അറിയിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ബാസിത് പുറത്തുവിട്ടു. മന്ത്രിയുടെ ഓഫീസിലെത്തിയ ബാസിത് പേഴ്‌സണ്‍ സെക്രട്ടറി കെ. സജീവിനോട് കാര്യം വിശദീകരിച്ചു. രേഖാമൂലം പരാതി നല്‍കാനായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ നാലിന് മെയില്‍ വഴി പരാതി നല്‍കി. പരാതി കൈപ്പറ്റിയതായി സെപ്റ്റംബര്‍ 13-ന് അറിയിപ്പും ലഭിച്ചുവെന്നും ബാസിത് ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 17-ന് മന്ത്രിയുടെ ഓഫീസിലെത്തിയതിന്റേയും ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നതിന്റേയും ചിത്രങ്ങളും ബാസിത് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: