കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് നടപടി വൈകുന്നു. നടപടി വൈകിപ്പിച്ച്് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പോലീസ് അവസരമൊരുക്കുന്നെന്ന ആക്ഷേപം ശക്തമാണ്.
പ്രതികളുടെ സിപിഎം ബന്ധമാണ് കേസന്വേഷണം വൈകുന്നതിന് കാരണം. തലയോലപ്പറമ്പ് പുത്തന്‍പുരയ്‌ക്കല്‍ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവര്‍ ഒളിവിലാണ്. ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, തെളിവുനശിപ്പിക്കല്‍, സംഘംചേര്‍ന്നുള്ള പ്രവര്‍ത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണേന്ദു ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയാണ്. ഉദയംപേരൂര്‍ സ്വദേശിയുടേതാണ് തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം.
ബ്രാഞ്ച് ഇന്‍ ചാര്‍ജും ഗോള്‍ഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 2023 ഏപ്രില്‍ മാസം മുതല്‍ ഉപഭോക്താക്കള്‍ പണയഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല.
19 ഉപഭോക്താക്കളില്‍ നിന്നും 42.72 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. പണം കൃഷ്ണേന്ദു സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് മാറ്റിയത്.കൃഷ്ണേന്ദുവിന്റെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്തു ഉള്‍പ്പെടെ കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അനന്തുവും ഒളിവിലാണ്. കൃഷ്ണേന്ദു ഒറ്റയ്‌ക്കാണ് പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ദേവിപ്രജിത്തിന് കാര്യങ്ങള്‍ അറിയാമായിരുന്നു. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ കൃഷ്‌ണേന്ദു പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമം.
കൃഷ്ണേന്ദുവും ഭര്‍ത്താവ് അനന്തുവും തലയോലപ്പറമ്പിലെ ദേശസാത്കൃത ബാങ്കിലെ ഇരുവരുടെയും അക്കൗണ്ട് വഴി ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് സൂചന. ഇവരുടെ വിവിധ അക്കൗണ്ടുകള്‍ വഴി ഏട്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് സ്ഥാപന ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം. രാഗേഷ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
എല്ലാം പാര്‍ട്ടിക്ക് അറിയാം
അനന്തുവിന്റെയും ഭാര്യ കൃഷ്ണേന്ദുവിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. ഇരുവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേല്‍ഘടകത്തിന് പരാതി നല്കിയിരുന്നതായാണ് പ്രാദേശികം നേതൃത്വം ഇപ്പോള്‍ പറയുന്നത്. പരാതി ലഭിച്ചത് ജനുവരി മാസത്തിലാണ്. ഇക്കാലയളവില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പ് നടന്നിരുന്നില്ല. ഗുരുതര സാമ്പത്തിക ഇടപാട് വിവരം അറിഞ്ഞിട്ടും പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കാതിരുന്നതാണ്
പുതിയ തട്ടിപ്പിന് ഇടയാക്കിയതെന്ന ആക്ഷേപം സിപിഎം പ്രവര്‍ത്തകര്‍ക്കുപോലുമുണ്ട്. ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് നല്കിയ കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: