ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ 149 സാക്ഷികളുടെ വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജി. ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി.
പ്രതികള്‍ രണ്‍ജീതിന്റെ വീട്ടിലേക്ക് വാഹനങ്ങളില്‍ എത്തിയ സഞ്ചാരപാത ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ചാര്‍ട്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാക്കിയ ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയാണ് 149-ാം സാക്ഷിയായി വിസ്തരിച്ചത്.
നേരത്തെ വിസ്താരത്തിനിടയില്‍ കുഴഞ്ഞുവീണതു മൂലം സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാതെ പോയ മണ്ണഞ്ചേരി സ്വദേശിയെയും ഇന്നലെ വിസ്തരിച്ചു. സംഭവദിവസം രാവിലെ നാല് ഇരുചക്രവാഹനങ്ങളിലായി എട്ടു പേര്‍ ഒരുമിച്ച് വരുന്നത് കണ്ടെന്നും അവരില്‍ പ്രതികളായ മുഹമ്മദ് അസ്ലാം, സമീര്‍ എന്നിവര്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതിനെ തുടര്‍ന്നാണ് മണ്ണഞ്ചേരി സ്വദേശിയെ വിസ്തരിച്ചത്. ഇതോടു കൂടി കേസിലെ ഔദ്യോഗിക സാക്ഷികള്‍ അല്ലാത്തവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ അവശേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം 30ന് നടക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: