ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഭാരതത്തിന് പ്രതീക്ഷയേകി പുരുഷ-വനിതാ താരങ്ങള്‍ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും മുന്നോട്ട്. അതേസമയം ഉറച്ച പ്രതീക്ഷയായിരുന്നു രോഹന് ബൊപ്പണ്ണ-യുകി ബാംബ്രി സഖ്യം പുറത്തായത് ഭാരതത്തിന് തിരിച്ചടിയായി.
മൂന്നാം റൗണ്ടില്‍ ഉസ്ബക്കിസ്ഥാന്റെ സുല്റ്റനോവ്-സെര്‍ജി വോമിന് സഖ്യത്തോടാണ് ബൊപ്പണ്ണ-ഭാംബ്രി സഖ്യം മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ടത്. സ്കോര്‍: 6-2, 3-6, 6-10.
മറ്റൊരു ഡബിള്‍സില്‍ സകേത് മൈനേനി-രാംകുമാര്‍ രാമനാഥന് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഡേവിഡ് സുസാന്റോ-ആന്റണി സുസാന്റോ സഖ്യത്തെ 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ വു യിബിങ്-ഷിഷെന്‍ ഷാങ് സഖ്യമാണ് എതിരാളികള്‍.
വനിതാ ഡബിള്‍സില്‍ അങ്കിത റെയ്ന-പ്രാര്‍ത്ഥന തൊംബാരെ സഖ്യവും കര്മന് തന്ദി-റുതുജ ബോസലെ സഖ്യവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മിക്സഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-റുതുജ ബോസ്ലെ സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തി.
പുരുഷ, വനിതാ സിംഗിള്‍സില്‍ സുമിത് നാഗല്‍, രാംകുമാര്‍ രാമനാഥന്, അങ്കിത റെയ്ന, റുതുജ ബോസ്ലെ എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: