ലക്നൗ: സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത് സേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള രണ്ട് പ്രധാന സ്തംഭങ്ങളാണ് പ്രതിരോധ, വ്യോമ മേഖലകളെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്ദനിലുള്ള വ്യോമസേന താവളത്തില്‍ ഇന്ന് ആദ്യത്തെ സി-295 എം ഡബ്ലിയു ചരക്ക് വിമാനം ഔപചാരികമായി സേനയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
നേരത്തേ തയാറാക്കിയിട്ടിയില്ലാത്ത ലാന്‍ഡിംഗ് ഗ്രൗണ്ടുകളില്‍ നിന്ന് പറന്നുയരാനും ഇറങ്ങാനും ഈ വിമാനത്തിന് കഴിയും. ഇത് എച്ച്എസ്-748 ആവ്റോ വിമാനത്തിന് പകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയും മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വ്യോമസേനയുടെ ആവ്റോ വിമാനങ്ങള്‍ക്ക് പകരമായി 56 എയര്‍ബസ് സി-295 വിമാനങ്ങള്‍ വാങ്ങുന്നതിനാണ് എയര്‍ബസുമായി കരാര്‍ ഉളളത്. കരാര്‍ പ്രകാരം, എയര്‍ബസ് സെവില്ലിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് പറക്കുന്ന സ്ഥിതിയില്‍ ആദ്യത്തെ 16 വിമാനങ്ങള്‍ എത്തിക്കും. ഇരു കമ്പനികളും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് നാല്പത് വിമാനങ്ങള്‍ നിര്‍മ്മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യും.
ഈ മാസം 13ന് എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയുടെ സാന്നിധ്യത്തില്‍ സ്പെയിനിലെ സെവില്ലില്‍ വച്ച് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആദ്യത്തെ സി-295 എം ഡബ്ലിയു ചരക്ക് വിമാനം കൈമാറിയിരുന്നു. സി295 വിമാനം 71സൈനികരെയോ 50 പാരാട്രൂപ്പര്‍മാരെയോ ഉള്‍ക്കൊളളിച്ച് ഭാരമേറിയ വിമാനങ്ങള്‍ക്ക് പ്രവേശിക്കാനാകാത്ത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സഹായകമാണ്.
നേരത്തെ, പ്രതിരോധമന്ത്രി ദ്വിദിന ഭാരത് ഡ്രോണ്‍ ശക്തി- 2023 ഉദ്ഘാടനം ചെയ്തു. 75-ലധികം ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും പരിപാടിയില്‍ പങ്കെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന വകുപ്പുകള്‍, പൊതു, സ്വകാര്യ വ്യവസായങ്ങള്‍, സായുധ സേന, അര്‍ദ്ധസൈനിക വിഭാഗം, സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കുന്നു. 2030-ഓടെ ആഗോള ഡ്രോണ്‍ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഭാരത് ഡ്രോണ്‍ ശക്തി കുതിപ്പ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: