കൊച്ചി: 1984 സപ്തം. 28 നാണ് കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം റിലീസ് ചെയ്തത്. അതിന്റെ പ്രമേയം സത്യമെന്നു കേരളസമൂഹം തിരിച്ചറഞ്ഞ പാലാരിവട്ടം പാലം പൊളിച്ചതു കൃത്യം മൂന്നു വ്യാഴവട്ടത്തിനുശേഷം 2020 സപ്തം. 28ന്! പാലാരിവട്ടം മേല്‍പ്പാലത്തെ ഹൈക്കോടതി വിശേഷിപ്പിച്ചത് പഞ്ചവടിപ്പാലത്തോടാണ്. ജോര്‍ജിന്റെ പൊളിറ്റിക്കല്‍ സറ്റയറിന്റെ പ്രവചനസ്വഭാവം അങ്ങിനെ കേരളം തിരിച്ചറിഞ്ഞു.
അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഇതുപോലെ കാലത്തിനു മുന്നേ സഞ്ചരിച്ചവയാണ്. ഇനിയും തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ ആ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്റെ ചലച്ചിത്ര നിര്‍മാണത്തിലെ അനന്യതകള്‍. ഒരിക്കല്‍പ്പോലും സ്വയം അനുകരിച്ചിട്ടില്ലാത്ത കെ.ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചും വേറിട്ടം നില്ക്കുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ മികവ്. സിനിമ വിട്ട് മറ്റൊരു ലോകമില്ലായിരുന്നു ജോര്‍ജിന്.
അഞ്ചാം വയസില്‍ അച്ഛനൊപ്പം ആദ്യമായി കണ്ട സിനിമ തന്നില്‍ വിസ്മയം സൃഷ്ടിച്ചെന്ന് ജോര്‍ജ് പറഞ്ഞിട്ടുണ്ട്. തിരുവല്ല വിക്ടറി തിയേറ്ററിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉപേക്ഷിച്ച സിനിമാ ഫിലിമുകള്‍ പെറുക്കിയെടുത്ത് സൂര്യപ്രകാശത്തില്‍ തുണിയില്‍ പതിപ്പിച്ച് കാണുമായിരുന്നു. കൗതുകം പെരുകിയപ്പോള്‍ തിയേറ്ററിലെ ഓപ്പറേറ്ററോട് സംശയങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്നപ്പോള്‍ സിനിമാ നോട്ടീസുകള്‍ ശേഖരിക്കുന്നതായി കൗതുകം.
കൊച്ചിയിലേക്ക് താമസം മാറിയപ്പോഴും അവ സൂക്ഷിച്ചിരുന്നു. 13 വയസ് മുതല്‍ സിനിമാ കാണുന്നത് ശീലമാക്കി. ഒറ്റയ്ക്ക് ചങ്ങനാശേരിയിലും കോട്ടയത്തും എറണാകുളത്തും സിനിമ കാണാനെത്തി. അവിടെ നിന്നാണു പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമ പഠിക്കാന്‍ പോകുന്നതും തിരിച്ചു കേരളത്തിലെത്തി ചലച്ചിത്രചരിത്രത്തില്‍ നവപാത വെട്ടിയതും.
എല്ലാം സിനിമയായിരുന്നു ജോര്‍ജിന്. രോഗബാധിതനായി വീട്ടിലേക്ക് ഒതുങ്ങേണ്ടിവന്നപ്പോള്‍ മാത്രമാണ് സ്വന്തം കുടുംബത്തെക്കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചത്. നാലു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന പൂര്‍ണബോധ്യമുണ്ടായിരുന്നു.
എല്ലാം അവസാനിപ്പിച്ച് കുടുംബസ്ഥനാകാന്‍ തുടങ്ങുമ്പോഴാണ് ഹൃദയാഘാതവും ആരോഗ്യപ്രശ്നങ്ങളും വില്ലനായത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി അദ്ദേഹം വെണ്ണല കുന്നപ്പള്ളി റോഡിലെ വീടായ സ്പ്ലെന്‍ഡറിലെത്തിയത്.
കാക്കനാട്ടെ വയോജനകേന്ദ്രത്തിലെ നാലുവര്‍ഷത്തെ വാസമവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം മുഖത്ത് പ്രകടമായിരുന്നു. നടക്കാന്‍ പറ്റാതായിരുന്നു. ശരീരം കൂടുതല്‍ തടിച്ചു. സംസാരത്തിന് വ്യക്തത കുറഞ്ഞു. ചുണ്ടനക്കത്തില്‍ നിന്ന് ഭാര്യ സെല്‍മ കാര്യങ്ങള്‍ മനസ്സിലാക്കി. അവസാന ദിവസങ്ങളില്‍ സഹായത്തിന് സഹോദരന് ശ്യാം ഉണ്ടായിരുന്നു.
വയോജന കേന്ദ്രത്തില്‍ ടിവിയില്‍ സിനിമകള്‍ കണ്ടും പാട്ടുകേട്ടുമാണ് സമയം പോക്കിയത്. വല്ലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ ക്ഷണിതാവായി. സിനിമാരംഗത്തെ ചിലര്‍ ഇടയ്ക്ക് സന്ദര്‍ശകരായി. ജൂലൈയിലാണ് ശ്വാസകോശ അണുബാധമൂലം ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
ക്ലിനിക്കിലായിരിക്കെ നഴ്സുമാരിലൊരാള്‍ ഉള്‍ക്കടല്‍ സിനിമയിലെ ‘ശരദിന്ദു മലര്‍ദീപ നാളംനീട്ടി’ എന്ന ഗാനം ഫോണില്‍ കേള്‍പ്പിച്ചതായി പിന്നീട് സെല്‍മ പറഞ്ഞു. അതു പാടിയത് ഭാര്യയാണെന്ന് ജോര്‍ജ് നഴ്സിനോട് പറഞ്ഞു. പിന്നീട് കാര്യമായി ഒന്നും പറഞ്ഞതായി ആരും ഓര്‍ക്കുന്നില്ല. ജനസാമാന്യത്തിന്റെ കയ്യടിക്കുവേണ്ടി കലയില്‍ വെള്ളം ചേര്‍ക്കാതിരുന്ന ജോര്‍ജ് ഒറ്റയാനായിത്തന്നെ കടന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: