ന്യൂയോര്‍ക്ക് : ഐക്യരാഷ്‌ട്രസഭ പൊതു സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമേഹ് ഷൗക്രിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തിലെ വലിയ പുരോഗതി ഇരുവരും വിലയിരുത്തി. ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ 2023 നാഴികക്കല്ലായ വര്‍ഷമാണെന്നും അത് മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഉഗാണ്ട വിദേശകാര്യ മന്ത്രി ഒഡോംഗോ ജെജെയുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി തന്റെ ഉഗാണ്ട സന്ദര്‍ശനത്തെ അനുസ്മരിച്ചു. വിവിധ ഉഭയകക്ഷി സംരംഭങ്ങളുടെ പുരോഗതിയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഉഗാണ്ടയുടെ വരാനിരിക്കുന്ന നാം , ജി77 പ്രസിഡന്‍സികളില്‍ ഇന്ത്യ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഡോ ജയശങ്കര്‍ സൈപ്രസ് വിദേശകാര്യ മന്ത്രി കോണ്‍സ്റ്റാന്റിനോസ് കോംബോസുമായും കൂടിക്കാഴ്ച നടത്തി. മെഡിറ്ററേനിയന്‍ കടലില്‍ ഇന്ത്യയുടെ താല്‍പര്യം ക്രമാനുഗതമായി വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈപ്രസ് എപ്പോഴും മൂല്യവത്തായ പങ്കാളിയായിരിക്കുമെന്ന് ഡോ ജയശങ്കര്‍ പറഞ്ഞു.
ഗിനിയ വിദേശകാര്യ മന്ത്രി ബിസാവു കാര്‍ലോസ് പെരേരയുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. വികസന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വ്യാപാരവും നിക്ഷേപവും കൂട്ടുന്നതിനെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
കംബോഡിയ പ്രധാനമന്ത്രി ഹുന്‍ മാനെറ്റിനെയും ജയശങ്കര്‍ സന്ദര്‍ശിച്ചു. വികസന പങ്കാളിത്തത്തിന്റെ പുരോഗതിയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുകയും പ്രതിരോധ, സാംസ്‌കാരിക സഹകരണം വിപുലീകരിക്കുകയും ചെയ്തു. മ്യാന്‍മറിനെക്കുറിച്ചും ചര്‍ച്ച ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: