ന്യൂദല്‍ഹി: ചന്ദ്രയാന്‍-3 വിജയിച്ചത് രാജ്യത്തിന്റെ മറ്റൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് രാജ്യത്തെ ആളുകള്‍ പ്രതീക്ഷയോടെ നോക്കിയിരുന്നുവെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ലൈവ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ‘ചന്ദ്രയാന്‍-3 മഹാക്വിസ്’ എന്ന പേരില്‍ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. മൈ ഗവ് പോര്‍ട്ടലില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇതുവരെ 15 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. മൈ ഗവ് നില്‍വില്‍ വന്ന ശേഷം ഏറ്റവും വലിയ പങ്കാളിത്തമാണിത്. ആറ് ദിവസം കൂടി ശേഷിക്കെ ക്വിസില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ജര്‍മ്മനിയില്‍ നിന്നുള്ള 21 കാരി കാസ്മിയെന്ന യുവതി ഇന്ത്യന്‍ ഗാനങ്ങള്‍ ആലപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ജനപ്രിയയായതും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും കാസ്മി ഇന്ത്യന്‍ സംഗീതത്തിന്റെ ആരാധികയാണെന്നും അദ്ദേഹം പറഞ്ഞു. ജനനം മുതല്‍ അന്ധയായിരുന്നിട്ടും അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കാസ്മിയെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്‌കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ആസാമീസ് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ പാടാനും തബല വായിക്കാനും കാസ്മി പഠിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിദ്യാഭ്യാസം എപ്പോഴും ഒരു സേവനമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ചില യുവാക്കള്‍ സേവന മനോഭാവത്തോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നുതും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈനിറ്റാള്‍ ജില്ലയിലെ ഈ യുവാക്കള്‍ കുട്ടികള്‍ക്കായി ഒരു അതുല്യമായ ‘ഘോഡ ലൈബ്രറി’ ആരംഭിച്ചിട്ടുണ്ട്. ഈ ലൈബ്രറിയുടെ ഏറ്റവും വലിയ സവിശേഷത, ഏറ്റവും വിദൂര പ്രദേശങ്ങളില്‍ പോലും പുസ്തകങ്ങള്‍ കുട്ടികളിലെത്തുന്നു എന്നതാണ്. സേവനം തികച്ചും സൗജന്യമാണ്. ഇതുവരെ നൈനിറ്റാളിലെ 12 ഗ്രാമങ്ങള്‍ ഇതിന്റെ പരിധിയില്‍ വന്നിട്ടുണ്ട്.
ഹൈദരാബാദില്‍ കുട്ടികള്‍ക്കായി ഏഴ് ലൈബ്രറികള്‍ നടത്തുന്ന 11 വയസുകാരി ആകര്‍ഷണ സതീഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളോടൊപ്പം കാന്‍സര്‍ ആശുപത്രിയില്‍ പോയതാണ് ആകര്‍ഷണയ്‌ക്ക് വഴിത്തിരിവായത്. അവിടെയുള്ള കുട്ടികള്‍ ‘കളറിംഗ് ബുക്കുകള്‍’ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആകര്‍ഷണ തന്റെ അയല്‍പക്കത്ത് നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. നിര്‍ധനരായ കുട്ടികള്‍ക്കായി വിവിധ സ്ഥലങ്ങളിലായി ഇതുവരെ തുറന്ന ഏഴു ലൈബ്രറികളിലായി ആറായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ഇ-ബുക്കുകളുടെയും ഈ കാലഘട്ടത്തില്‍, പുസ്തകങ്ങള്‍ ഇപ്പോഴും ആളുകളുടെ ജീവിതത്തില്‍ ഒരു നല്ല സുഹൃത്തിന്റെ പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: