”നിങ്ങള്‍ രാജ്യത്തെ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ എപ്പോഴും നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കണം. മെഡലുകളും വിജയങ്ങളും താനേ സാധ്യമാകും.” ചൈനയിലെ ഹാങ്ചോവില്‍ ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഹാങ്ചോവില്‍ ഭാരതത്തിന്റെ ജേഴ്സി അണിയുന്ന 655 അത്ലിറ്റുകള് മാത്രമല്ല സംഘത്തിലുള്ള 266 ഒഫിഷ്യലുകളും ഈ വാക്കുകള്‍ ഓര്‍ക്കണം. ചരിത്രത്തിലെ ഏറ്റവും വലിയസംഘമാണ് ഇത്തവണ ഭാരതത്തെ പ്രതിനിധീകരിച്ച് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുക. അതില്‍ കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും നിശ്ചയിച്ച യോഗ്യതാ മാര്‍ക്ക് കടന്നവരും അല്ലാത്തവരുമുണ്ട്. എല്ലാവരും ഓര്‍ക്കണം. പങ്കെടുക്കുകയല്ല വിജയം നേടുകയാണു പ്രധാനം.
ചൈനയിലെ ഷെജിയാങ് പ്രവശ്യയുടെ തലസ്ഥാനമാണ് ഹാങ്ചോ. പൗരാണികതയുടെ ഇഴകള്‍ മുറിയാതെ പുരോഗതി ഏറ്റുവാങ്ങിയ നഗരം. പോയ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഗെയിംസ് കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന ആശങ്കകളെല്ലാം അകന്നു. ഹാങ്ചോവിലെ ‘ബിഗ് ലോട്ടസ്’ സ്റ്റേഡിയത്തില്‍ സപ്തംബര്‍ 23ന് പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിനു തിരിതെളിയും. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയിലെ 45 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന മേളയില്‍ പന്ത്രണ്ടായിരത്തിലധികം താരങ്ങള്‍ മത്സരിക്കും. ഒളിംപിക്സ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കായികോത്സവമായി വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡുകള്‍, മത്സരിക്കുന്നവരുടെ ഈ എണ്ണത്തില്‍ നിന്നുതന്നെ തുടങ്ങുന്നു.
നാല്പത് സ്പോര്‍ട്സ് ഇനങ്ങളില്‍ 483 മത്സര വിഭാഗങ്ങള്‍ 56 വേദികളിലായി നടക്കും. അവ നിയന്ത്രിക്കാന്‍ 4575 ഒഫിഷ്യലുകള്‍. ടോക്കിയോ ഒളിംപിക്സ് പോലെ ഈ ഏഷ്യന്‍ ഗെയിംസും ഒരു വര്‍ഷത്തേക്കാണു നീട്ടിവച്ചത്. 2021ല്‍ ഹാങ്ചോവില്‍ തന്നെ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. പക്ഷേ, പോയവര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസിനായി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
2018ല്‍ ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും (70 മെഡല്‍) നേടി മികവുകാട്ടിയ ഇന്ത്യ ഇക്കുറി 600ലധികം താരങ്ങളെ ഇറക്കി മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി ലക്ഷ്യമിടുന്നു. അത്ലറ്റികസ്, ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്, ബാഡ്മിന്റന്‍, ആര്‍ച്ചറി, ക്രിക്കറ്റ്, സ്ക്വാഷ്, ഭാരോദ്വഹനം എന്നിവയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. ടേബിള്‍ ടെന്നിസ്, ടെന്നിസ്, തുഴച്ചില്‍ ഇനങ്ങളില്‍ സാധ്യത കാണുന്നു. ഫുട്ബോളില്‍ വൈകിയെങ്കിലും ടീമിനെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് മത്സരിക്കുന്നത്. വനിതാ വിഭാഗത്തില്‍ ഒന്നാം നിരയെയും പുരുഷ വിഭാഗത്തില്‍ ‘ബി’ ടീമിനെയും ഇന്ത്യ ഇറക്കും.
ഗുസ്തി താരങ്ങള്‍ ഫെഡറേഷന് സാരഥിക്കെതിരെ നടത്തിയ സമരം, ഗുസ്തി ടീം സെലക്ഷന് ഉയര്‍ത്തിയ വിവാദങ്ങള്‍, ഉത്തേജക മരുന്നു പരിശോധനയില്‍ താരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പരാജയപ്പെട്ടത്, ഫുട്ബോള്‍ കളിക്കാരെ വിട്ടുനല്‍കാന്‍ ക്ലബുകളുടെ വൈമനസ്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സംഘത്തെ ബാധിച്ചിട്ടുണ്ട്. ഏഷ്യയിലെ എട്ടാം സ്ഥാനക്കാരെവരെ പങ്കെടുപ്പിച്ചാല്‍ മതിയെന്ന മുന്‍ തിരുമാനത്തില്‍ ഇളവുവരുത്തിയാണ് ഫുട്ബോള്‍ ടീമിനൊക്കെ വഴിതുറന്നത്. കബഡിയില്‍ ഇന്ത്യയുടെ ജൈത്രയാത്ര ജക്കാര്‍ത്തയില്‍ ഇറാന് അവസാനിപ്പിച്ചിരുന്നു. ഹാങ്ചൗവില്‍ കബഡി ടീം തിരിച്ചുവരവിന് ഒരുങ്ങുന്നു.
ബര്‍മ്മിങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ വനിതാ ടീം സ്വര്‍ണം നേടിയതുപോലെ, ടോക്കിയോ ഒളിംപിക്സില്‍ അതിഥി അശോക് ഗോല്‍ഫില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയതുപോലെ, അപ്രതീക്ഷിത മുന്നേറ്റം ചില ഇനങ്ങളില്‍ ഇന്ത്യക്കു സാധ്യമാകും. അത്ഭുതങ്ങളോ അട്ടിമറികളോ ആണല്ലോ മഹാമേളകളുടെ പ്രത്യേകത. ഹാങ്ചോവും അതില്‍ നിന്നു വ്യത്യസ്തമാകില്ല.
ആതിഥേയര്‍ക്കും ഇന്ത്യക്കും പുറമെ ദക്ഷിണ കൊറിയയും ജപ്പാനും തായ്ലന്ഡുമൊക്കെ അറുനൂറിലധികം അത്ലിറ്റുകളെയാണ് അയയ്ക്കുക. ജക്കാര്‍ത്തയില്‍ 570 താരങ്ങളാണ് ഇന്ത്യയില്‍ നിന്നു പങ്കെടുത്തത്. 43 രാജ്യങ്ങള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മത്സരിക്കും. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരച്ചത് 11,300 അത്ലിറ്റുകള് ആയിരുന്നു. സര്‍വകാല റെക്കോര്‍ഡിലേക്കാണു ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് നീങ്ങുന്നത്.
റഷ്യയില്‍ നിന്നും ബലാറസില്‍ നിന്നും അത്ലിറ്റുകളെ അതിഥികളായി മത്സരിപ്പിക്കാനുള്ള നീക്കം നടന്നില്ല. ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും കൂടി ചൈന ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുക്കില്ല. യുക്രെയ്ന് ആക്രമണത്തെത്തുടര്‍ന്ന് ലോക കായികവേദികളില്‍ ഏതാണ്ട് ഒറ്റപ്പെട്ട റഷ്യക്കും ബലാറസിനും ഒരു മഹാമേളയില്‍ ഏതാനും കായികതാരങ്ങളെ മത്സരിപ്പിക്കാനുള്ള അവസരമാണു നഷ്ടമായത്.
യുക്രെയ്ന് അധിനിവേശത്തെത്തുടര്‍ന്നു റഷ്യയും ബലാറസും ഐഒസിയുടെ വിലക്കു നേരിടുകയാണ്. അടുത്ത വര്‍ഷം പാരിസ് ഒളിംപിക്സില്‍ ഇരുരാജ്യങ്ങള്‍ക്കും പങ്കെടുക്കാനാവില്ല. എന്നാല്‍ ഒളിംപിക് പതാകയ്ക്കു കീഴില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള അത്ലിറ്റുകള്‍ക്ക് പാരിസില്‍ സ്വതന്ത്രരായി മത്സരിക്കാം. യൂറോപ്പിലെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത റഷ്യന്‍, ബലാറസ് താരങ്ങള്‍ക്ക് ഒളിംപിക് യോഗ്യത നേടാന്‍ അവസരമൊരുക്കുകയായിരുന്നു ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ലക്ഷ്യം. പക്ഷേ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി അനുവദിച്ചില്ല.
”ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക്, ഭാവിയില്‍” എന്നതാണ് ഹാങ്ചോ ഏഷ്യാഡിന്റെ ആപ്തവാക്യം. ഹാങ്ചോ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ്. പ്രധാന വേദിയായ ഹാങ്ചോവിനെയും ഏതാനും മത്സരങ്ങള്‍ക്കു വേദിയൊരുക്കുന്ന വെങ്ചൗ, ജിന്‍ഹ്വ, ഷാവോസിങ്, ഹുചൗ തുടങ്ങിയ നഗരങ്ങളെയും ബന്ധിപ്പിച്ച് 350 കിലോ മീറ്റര്‍ വേഗമുള്ള ബുള്ളറ്റ് ട്രെയ്ന്‍ യാത്രയാണ് ചൈന ക്രമീകരിച്ചിരിക്കുന്നത്. ചൈനയുടെ വികസനം ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടതെല്ലാം സംഘാടകര്‍ ചെയ്യുമെന്ന് ഉറപ്പാണ്.
നേരത്തെ 1990ല്‍ ബെയ്ജിങ്ങിലും 2010ല്‍ ഗ്വാങ്ചൗവിലും ഏഷ്യന്‍ ഗെയിംസും 2008ല്‍ ബെയ്ജിങ്ങില്‍ ഒളിംപിക്സും വിജയകരമായി നടത്തിയ അനുഭവസമ്പത്ത് ചൈനയ്ക്കുണ്ട്. ബെയ്ജിങ്ങില്‍ 36 രാജ്യങ്ങളാണു പങ്കെടുത്തതെങ്കില്‍ ഗാവാങ്ചൗവില്‍ 45 രാജ്യങ്ങളും അണിനിരന്നു. ഇതിനിടെ 2022 ല്‍ ഏറെ നിയന്ത്രണങ്ങളോടെ ശീതകാല ഒളിംപിക്സും ബെയ്ജിങ്ങില്‍ നടന്നു.
കോവിഡ് കാലത്താണ് ടോക്കിയോ ഒളിംപിക്സ് നടന്നത്. കാണികള്‍ ഇല്ലാതെ നടത്തപ്പെട്ട മഹാമേള. കഴിഞ്ഞ വര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ശീതകാല ഒളിംപിക്സിലും നിയന്ത്രണങ്ങള്‍ ഏറെയായിരുന്നു. ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് വ്യത്യസ്തമായിരിക്കും. കോവിഡിനു മുന്‍പുള്ള കാലം വീണ്ടും വരുന്നു എന്ന് പ്രത്യാശിക്കാം. കളിയാരവങ്ങളുടെ കാലം മടങ്ങിവരുന്നു. കളിക്കളത്തിലെ ആവേശം ഗാലറികള്‍ ഏറ്റുവാങ്ങുമ്പോഴാണല്ലോ കായികരംഗം പൂര്‍ണത കൈവരിക്കുക. ഇന്ത്യന്‍ വിജയങ്ങളിലൂടെ ആ ആരവം വന്മതില് കടന്ന് ഇന്ത്യയിലും മുഴങ്ങട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: