(ആകാശഗത്യഭാവാദിനിരൂപണം തുടര്‍ച്ച)
രാഘവ! കേള്‍ക്ക, ഈ സംവിത്തിന് സന്മാത്രം(പരമാണു) ബീജമാകുന്നുവെന്നു പറയുന്നു. പ്രദീപാദിയായ തേജസ്സിങ്കല്നിന്നു വെളിച്ചമുണ്ടാകുന്നതുപോലെ സന്മാത്രത്തില്നിന്നു സംവിത്തുദിക്കുന്നു. സത്തയ്ക്കു രണ്ടുണ്ടു രൂപം. അതിലൊന്നു നാനാകൃതി (പല ആകൃതി)യും ഒന്നേകരൂപമായി വിളങ്ങുന്നതുമാകുന്നു. അതിനെയും ഞാന്‍ വിചാരിച്ചു പറയാം. രാമ! ഘടം, പടം, നീ, ഞാന്‍, അവനിതെന്നീമാതിരിയായീടും വിഭാഗത്തോടെ ചൊല്ലപ്പെടുന്നത് സത്തയുടെ രൂപമാകുന്നു, അത് നാനാകൃതിയാണ്. നാമജാത്യാദിഭേദംവിട്ടു സന്മാത്രമായി നിര്ദ്ദോഷമായീടുന്ന സത്തയ്ക്കെഴും മഹാരൂപം പദം ഏകരൂപമെന്നുള്ളില് ധരിച്ചുകൊണ്ടീടുക. കാലസത്ത, കലാസത്ത, വസ്തുസത്ത എന്നുള്ള വിഭാഗകലയെ വൈകാതെ അകലെക്കളഞ്ഞു, തെളിഞ്ഞ,് ഏകസന്മാത്രപരനായി നീ ഭവിക്കുക. കാലാദിയായുള്ള സത്ത പരിത്യക്ത വികല്പാംശയായിച്ചമഞ്ഞ് ഉത്തമസ്വരൂപയായി വര്ത്തിക്കിലും വാസ്തവികയായി ഭവിച്ചീടുകയില്ല. ഹേ രാമ! കാലസത്താദിയില് നാനാത്വംകാരണംകണ്ടു വിഭാഗകല നന്നായി വിഭിന്നപദദായിനിയായീടുന്നുണ്ട്, അതെങ്ങനെ ശുദ്ധമായീടുന്നു? വ്യാപകമായി സത്താസാമാന്യമായീടും ഒന്നിനെ കേവലം ഭാവിച്ചുകൊണ്ട് പരമാനന്ദമുള്ക്കൊണ്ട് പത്തുദിക്കും നിറഞ്ഞു നീ മേവീടുക. സത്താമാത്രസാമാന്യത്തിനുള്ള നല്ലുല്ക്കര്ഷം ബീജമായീടുന്നത് ഈ ജഗത്തിന്നോര്ക്കുക, അത് ഈ ജഗത്തായതില്നിന്നുത്ഭവിച്ചതാണ്. സത്താസാമാന്യത്തില്നിന്ന് സംവിത്തുത്ഭവിച്ചു എന്നു നന്നായറിയുക.
സംവിത്തില്നിന്ന് സംവേദ്യമെന്നു പറയുന്നതായ ദൃശ്യം ഉത്ഭവിച്ചു. വാസനയെന്നതും പ്രാണചാഞ്ചല്യവും ദൃശ്യത്തില്നിന്നുളവായി. ചിത്തമുണ്ടായത് അവയില്നിന്നാകുന്നു. ചിത്തത്തില്‍നിന്നു ശരീരമുണ്ടായിവന്നു. പിന്നെ ശരീരത്തില്‍നിന്നു സംസാരമുണ്ടായിവന്നു എന്നാണു ക്രമം. സത്താസാമാന്യപര്യന്തമായുള്ളതാകുന്ന ആദ്യം കലനാരഹിതം പദം ആനാദ്യന്തമാണ്, അതിന് ബീജമില്ലെന്നോര്ക്കുക. സത്ത അവിടെ നന്നായി ലയം പ്രാപിച്ചുകൊള്ളുന്നു, നിര്‍വികാരമായി നില്ക്കുന്നു. അപ്പദം പ്രാപിച്ചവര്‍ക്ക് പിന്നെ ദുഃഖം ഉണ്ടായീടുകയില്ല. അതെല്ലാറ്റിനും കാരണമാകുന്നു, കാരണമായതിനു യാതൊന്നുമില്ല. ആയതു സാരമാകുന്ന സര്വസാരങ്ങള്ക്കും ആയതിന്ന് ഏതുമേ സാരമില്ല. അതായീടുന്ന വലുതായ കണ്ണാടിയില്‍ വസ്തുദൃഷ്ടികളൊക്കെയും തീരദ്രുമങ്ങള്‍ പൊയ്കയിലെന്നപോല് നിഴലിച്ചുകൊണ്ടീടുന്നു. ആയതു നിര്‍മ്മലമാണ്, അജരമാണ്, അതു പരമായ ആത്മതത്ത്വമാണ്. നന്നായി ഇതിനെ അറിഞ്ഞീടുകില്‍ മനം ഉപശാന്തിയെ പ്രാപിക്കും. ഏകവും പരവും തല്‍സ്വരൂപവും വിതതവുമായ അതിനെ നീ നന്നായറിയുക. ഘോരമായ സംസാരഭയം വേടിഞ്ഞുള്ള സാരമാകും പദം പ്രാപിച്ചുകൊള്ളുക.” അറിവുള്ളോരില് ഒന്നാമനായ രാഘവന് ഇപ്രകാരം മുനിയോടു ചോദിച്ചു, ”അങ്ങനെയുള്ള ബീജങ്ങളൊക്കെയും ഇവിടുന്ന് അരുള്ചെയ്ത് ഞാനറിഞ്ഞു. അപ്പദം അത്യന്തം ഉത്തമമാണ്. അത് പെട്ടെന്നു എങ്ങനെ നേടിടാം ഗുരോ?”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: