മുംബൈ: വിഖ്യാത ഭരതനാട്യം നര്‍ത്തകിയും സംസ്‌കാര്‍ ഭാരതി ദല്‍ഹി ഘടകം അധ്യക്ഷയുമായ പദ്മഭൂഷണ്‍ ഡോ. സരോജ വൈദ്യനാഥന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദല്‍ഹിയിലെ വീട്ടിലായിരുന്നു മരണമെന്ന് മരുമകള്‍ രമാ വൈദ്യനാഥന്‍ പറഞ്ഞു.
ദീര്‍ഘകാലമായി കാന്‍സര്‍ ബാധിതയായിരുന്നു. ബീഹാര്‍ കേഡര്‍ ഐഎഎസ് ഓഫീസറായിരുന്ന ഡോ. വൈദ്യനാഥനാണ് ഭര്‍ത്താവ്. ഡോ. കാമേശ് മകനാണ്. 1937ല്‍ കര്‍ണാടകയിലെ ബെല്ലാരിയിലാണ് ജനനം. 2002ല്‍ പദ്മശ്രീ, 2013ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, ദല്‍ഹി സര്‍ക്കാരിന്റെ സാഹിത്യ കലാ പരിഷത്ത് പുരസ്‌കാരം. ഭരതനാട്യത്തിലും കര്‍ണാടിക് സംഗീതത്തിലും അതുല്യസംഭാവനകള്‍ നല്കിയ അവര്‍ രണ്ടായിരത്തിലേറെ പരിപാടികള്‍ക്ക് നൃത്തസംവിധായകയുമായി.
ദല്‍ഹിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ഗണേശ നാട്യാലയത്തിന്റെ സ്ഥാപകയും ഗുരുവുമാണ്. ലോകമെമ്പാടും ശിഷ്യസമ്പത്ത് കൊണ്ട് വിഖ്യാതയാണ് അവര്‍. 2021 മുതല്‍ സംസ്‌കാര്‍ ഭാരതി ദല്‍ഹി ഘടകം അദ്ധ്യക്ഷയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ലോധി ശ്മശാനത്തില്‍ നടക്കും.
സരോജ വൈദ്യനാഥന്റെ മരണത്തില്‍ കേന്ദ്രസാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി അനുശോചിച്ചു. കലാ സാംസ്‌കാരിക രംഗങ്ങളില്‍ അവര്‍ നല്കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: