ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഡിഎയില്‍ ഭിന്നതയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ. ബിജെപിയും എഐഎഡിഎംകെയും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ചിലര്‍ അതിമോഹം കൊണ്ട് സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയിലെ കക്ഷികളെ ഒന്നിപ്പിക്കുന്ന ചരട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2024ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയാവുക. ഇക്കാര്യത്തില്‍ എഐഎഡിഎംകെയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി രാജ്യം തുടര്‍ന്നും ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയെ കുറിച്ച് മോശമായി താനൊന്നും സംസാരിച്ചിട്ടില്ല.
1956ലെ ഒരു സംഭവം മാത്രമാണ് പറഞ്ഞത്. പ്രത്യയശാസ്ത്രപരമായി എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. അത് സ്വാഭാവികമാണ്. അതു കൊണ്ടാണല്ലോ രണ്ട് രാഷ്ട്രീയപാര്‍ട്ടികളായി നിലനില്‍ക്കുന്നത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല.
രാഷ്ട്രത്തിന്റെ ഐക്യത്തിനും കരുത്തുറ്റ നേതൃത്വത്തിനും വേണ്ടിയാണ് എഐഎഡിഎംകെയും ബിജെപിയും കൈകോര്‍ത്തത്. അതില്‍ ഒരു മാറ്റവുമില്ല, അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: