ന്യൂദല്‍ഹി: ഒരു ഖലിസ്ഥാന്‍ തീവ്രവാദിയുടെ വധത്തില്‍ ഇന്ത്യയെ കുറ്റവാളിയാക്കി മുദ്രകുത്തി കാനഡയുടെ പാര്‍ലമെന്റില്‍ പ്രസംഗിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് എവിടെ നിന്നും ഉറച്ച പിന്തുണ ലഭിച്ചില്ല. തന്റെ സഖ്യകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും പരസ്യമായി പിന്തുണച്ചില്ല. യുഎസ് പ്രസിഡന്റ് ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ ഫോണില്‍ ജസ്റ്റിന് ട്രൂഡോ ബന്ധപ്പെട്ടെങ്കിലും ആരും ഈ പ്രശ്നത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ പരിഭ്രാന്തനായിരിക്കുകയാണ് ജസ്റ്റിന് ട്രൂഡോ. .
ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും കാനഡ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നുമാണ് യുകെ പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണോ യുഎസ് പ്രസിഡന്റ് ജോ ബൈഡനോ പ്രതികരിച്ചതേയില്ല.
ഇന്ത്യയില്‍ ഖലിസ്ഥാന്‍ നേതാക്കളെ വേട്ടയാടാന്‍ തീരുമാനിച്ച് എന്‍ ഐഎ
ഇന്ത്യയില്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബില്‍ ബിസിനസുകാരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന ബികെഐ എന്ന ഖലിസ്ഥാന്‍ ഗ്രൂപ്പിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതായി എന്‍ഐഎ അറിയിച്ചു. പരമീന്ദര്‍ സിങ്ങ്, സത്നം സിങ്ങ് തുടങ്ങി അഞ്ച് നേതാക്കള്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചു. ഹര്‍വീന്ദര്‍ സിങ്ങ്, ലഖ് ബീര്‍ സിങ്ങ് സന്ധു എന്നിവര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈം മാസിക, റോയിട്ടേഴ്സ് തുടങ്ങിയ ചില പാശ്ചാത്യ മാധ്യമങ്ങള്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജറിന് രക്തസാക്ഷി പരിവേഷം കൊടക്കാന്‍ ശ്രമിച്ചെങ്കിലും മറ്റ് നിരവധി പാശ്ചാത്യ മാധ്യമങ്ങള്‍ ട്രൂഡോയ്ക്കെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. മോദി വിരുദ്ധരായ ദി വൈര്‍ പോലുള്ള ഓണ്‍ലൈന്‍ വാര്ത്താമാധ്യമങ്ങളല്ലാതെ, ഇന്ത്യയിലെ ഭൂരിഭാഗം മാധ്യമങ്ങളും ജസ്റ്റിന് ട്രൂഡോയ്ക്കെതിരാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ് തുടങ്ങി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ട്രൂഡോയുടെ ആരോപണത്തെ വിമര്‍ശിക്കുകയാണ്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ മുഴുവന്‍ സിഖുകാരുടെയും പ്രതിനിധികളാണെന്ന രീതിയിലാണ് ചില പാശ്ചാത്യമാധ്യമങ്ങള്‍ കഥയറിയാതെ കാര്യങ്ങള്‍ എഴുതിവിടുന്നത്. ഖലിസ്ഥാന്‍ എന്നത് ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായ ആവശ്യമാണെന്ന് പാശ്ചാത്യമാധ്യമങ്ങള്ക്കറിയില്ല. കാനഡയിലെ സിഖുകാര്‍ക്കിടയിലെ ഖലിസ്ഥാന്‍ വാദികള്‍ക്കുള്ള പിന്തുണയാണ് ഇത് മികച്ച ഒരു പ്രസ്ഥാനമാണെന്ന ധാരണ പാശ്ചാത്യമാധ്യമങ്ങളിലെ ചിലര്‍ക്കിടയില്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഇന്ത്യയില്‍ ഭൂരിഭാഗം സിഖുകാര്‍ക്കിടയില്‍ പോലും വെറുക്കപ്പെടുന്ന പ്രസ്ഥാനമാണ് ഖലിസ്ഥാന്‍.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് ഖലിസ്ഥാന്‍ തീവ്രവാദിയുടെ വധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കാനേഡിയന്‍ പാര്‍ലമെന്റ് വേദിയാക്കിയ ട്രൂഡോയുടെ രീതി ബാലിശമായിപ്പോയെന്നാണ്. ഇതേ കുറ്റപ്പെടുത്തല്‍ തന്നെയാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിലേക്ക് നയിച്ചത് ഖലിസ്ഥാന്‍ വാദമാണെന്നതിനാല് കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം മോദിക്കെതിരെ ഉപയോഗപ്പെടുത്താന്‍ പോലും തുനിയുന്നില്ല.
എവിടെയും പിന്തുണയില്ലെന്ന് കണ്ടതോടെ തനിക്ക് ഈ പ്രശ്നം മൂര്‍ച്ചകൂട്ടണമെന്ന് ആഗ്രഹമില്ലെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമിട്ടതെന്നും ഉള്ള പുതിയ ന്യായങ്ങള്‍ നിരത്തി പ്രശ്നം ആറിത്തണുപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ജസ്റ്റിന് ട്രൂഡോ. പ്രശ്നം കനേഡിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അങ്ങേയറ്റം വഷളാക്കിയതിന് ശേഷം പിന്തുണയില്ലെന്ന് കണ്ടതോടെയാണ് മുഖം രക്ഷിയ്ക്കാന്‍ ട്രൂഡോ പുതിയ വഴികള്‍ തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: