തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കാനിരിക്കെ ഭാഗ്യാന്വേഷികളുടെ നെട്ടോട്ടം. അവസാന മണിക്കൂറിലും ആവശ്യക്കാര്‍ കൂടുന്നത് പ്രമാണിച്ച് പതിവിന് വിപരീതമായി നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഭാഗ്യക്കുറി വകുപ്പ്.
പുതിയ അറിയിപ്പ് പ്രകാരം നാളെ രാവിലെ 10 മണി വരെ ഏജന്റ്മാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാം. മെയിന്‍-സബ് ഏജന്‍സികളെല്ലാം രാവിലെ എട്ട് മണിക്ക് ഓഫീസുകള്‍ തുറക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലോട്ടറി ഓഫീസര്‍ അറിയിച്ചു.
ഇതാദ്യമായാണ് നറുക്കെടുപ്പ് ദിവസത്തിലും ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. സാധാരണയായി തലേദിവസം വൈകിട്ട് ആറ് മണിയോടെ ഏജന്റുകാര്ക്കായുള്ള ടിക്കറ്റ് വിതരണം അവസാനിക്കുന്നതാണ് പതിവ്.
അതേസമയം മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓണം ബമ്പര്‍ ലോട്ടറി വില്‍പ്പന സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. 75 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
ടിക്കറ്റ് വില 500 രൂപയായിട്ടും വില്‍പ്പന ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ തന്നെ നാല് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് വില്‍പ്പന ഉയര്‍ന്ന തോതില്‍ പുരോഗമിക്കുന്നത്. കോട്ടയം, കൊല്ലം ജില്ലകളിലും വില്‍പ്പന ഉയര്‍ന്ന തോതിലാണ്.ഒന്നാം സമ്മാനമായ 25 കോടി നേടുന്നയാള്‍ അടക്കം മൊത്തം 21 പേര്‍ക്ക് കോടി സ്വന്തമാകുമെന്നതാണ് ഇത്തവണത്തെ നറുക്കെടുപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. 25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേര്‍ക്കുള്ള രണ്ടാം സമ്മാനം. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയര്‍ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ടിക്കറ്റെടുക്കുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഇത്തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: