തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ കൊണ്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടലുളവാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ സംരക്ഷണത്തിന് ഭരണസംവിധാനം മുഴുവൻ രംഗത്തെത്തിയെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിലെ ഉന്നത നേതാക്കളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ കൊണ്ട് ഭീഷണിപ്പെടുത്തിയെന്നാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെതിരെ സിപിഐ മുൻ ബോർഡ് അംഗം സുഗതൻ ആരോപിച്ചിരുന്നു. വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയുമോ എന്ന് ആരാഞ്ഞായിരുന്നു ഭീഷണി.
സിപിഎം ബലിയാടാക്കിയെന്ന കുറ്റപ്പെടുത്തലുകളുമായി കൂടുതൽ സിപിഐ അംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. വലിയ വായ്പകളെടുത്തപ്പോൾ സിപിഐയെ അറിയിച്ചില്ല. ക്രമക്കേടുകൾ നടന്നത് സിപിഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: