തൃശ്ശൂര്‍: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആസ്ഥാനം തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ഉള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക ആവശ്യപ്പെട്ടു.
മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരം നീക്കത്തിനെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് നിറുത്തിവച്ചിരുന്നു. കോടികള്‍ വിലമതിക്കുന്ന ഇപ്പോഴത്തെ കെട്ടിടം ഉപേക്ഷിച്ചുകൊണ്ട് തിരുവനന്തപുരത്ത് വന്‍തുക വാടക കൊടുത്ത് ഓഫീസ് മാറ്റേണ്ട ആവശ്യം ഇപ്പോള്‍ ഇല്ല. കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ ജോലി കളഞ്ഞു വേണം എത്താന്‍. വീണ്ടും ആസ്ഥാനം മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഒരു പ്രത്യേക ലോബിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ സാമ്പത്തിക ബാധ്യതയില്‍ ഉള്ള ക്ഷേമനിധി ബോര്‍ഡിനെ വീണ്ടും കടുത്ത സാമ്പത്തിക കടക്കണിയിലേക്ക് കൂപ്പുകുത്തിക്കാനേ ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളു എന്നും ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ഇത്തരം ദ്രോഹങ്ങള്‍ക്കെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: