മുംബൈ: ഇന്ത്യയുടെ 2024 സാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) സാമ്പത്തിക വളര്‍ച്ച 6.3 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി അന്താരാഷ്‌ട്ര പ്രശസ്തമായ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്. ഇന്ത്യയിലെ ആഭ്യന്തരമായ ഡിമാന്‍റ് കൂടിയതും സേവനരംഗത്തെ കുതിച്ചുചാട്ടവുമാണ് ഈ ശോഭനമായ വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ ഫിച്ചിനെ പ്രേരിപ്പിച്ചത്.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പോലും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിക്ക് 6.3 ശതമാനത്തില്‍ ഫിച്ച് നിലനിര്‍ത്തിയിരിക്കുന്നത്. കര്‍ശനമായ പണനയങ്ങളും കയറ്റുമതിയിലെ വെല്ലുവിളികളും ഇന്ത്യയ്‌ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ പ്രതിസന്ധികള്‍ക്കിടയിലും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ശേഷി അപാരമാണെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം എല്‍ നിനോ പ്രതിഭാസം മഴയെയും കൃഷിയെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് മൂലം പണപ്പെരുപ്പം കൂടിയേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദമായ 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമസത്തില്‍ ഭാരതം 7.8 ശതമാനം വളര്‍ച്ച നേടി. ഇതിന് കാരണം സേവനമേഖലയിലെ ശക്തമായ മുന്നേറ്റവും ഉപഭോക്താക്കളുടെ ഇടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഡിമാന്‍റുമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.5 ശതമാനത്തിലേക്ക് ഉയരുമെന്നും ഫിച്ച് പറയുന്നു. മാത്രമല്ല, ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാമത്ത സാമ്പത്തിക പാദത്തില്‍ കയറ്റുമതി ദുര്‍ബലമാകല്‍, ക്രെഡിറ്റ് വളര്‍ച്ചയിലെ മന്ദത, ഉപഭോക്താക്കള്‍ക്കിടയില്‍ തൊഴില്‍-വരുമാന സാഹചര്യങ്ങളില്‍ ഉണ്ടാകാവുന്ന തിരിച്ചടികള്‍ എന്നീ പ്രതിസന്ധികള്‍ ഉണ്ടായേക്കാമെന്ന് റിസര്‍വ്വ് ബാങ്ക് അവരുടെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് ഫിച്ച് ഇന്ത്യയ്‌ക്ക് 6.3 ശതമാനം സാമ്പത്തിക വളര്‍ച്ച നല്‍കിയത്.
എന്താണ് ഫിച്ച് റേറ്റിംഗ്?
കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും ക്രെഡിറ്റ് റേറ്റിംഗ് നൽകുകയും ഈ മേഖലയിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് ഫിച്ച് റേറ്റിംഗ്സ്.
ഫിച്ച് റേറ്റിംഗിന്റെ പ്രാധാന്യം
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ ഒന്നായി ഫിച്ച് റേറ്റിംഗ് കണക്കാക്കപ്പെടുന്നു, മറ്റ് രണ്ടെണ്ണം മൂഡീസും സ്റ്റാൻഡേർഡ് & പുവറും (എസ്&പി) ആണ്. ന്യൂയോർക്കിലും ലണ്ടനിലുമാണ് ഇതിന്റെ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: