തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ലെന്ന കേരള സഹകരണസംഘം മൂന്നാം ഭേദഗഗതി ബില്‍ നിയമസഭാ പാസാക്കി. ഏകീകൃത സോഫ്റ്റ്വെയര്, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയില്‍ കാലാനുസൃത മാറ്റം കൊണ്ടുവരുന്നതാണ് ഭേദഗതി ബില്‍. സെലക്ട് കമ്മറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മറ്റി ജില്ലകളില്‍ നിന്നും പൊതുജനങ്ങള്‍ക്കും സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ കൂടി വരുത്തി.
സംഘങ്ങളുടെ പൊതുയോഗങ്ങളില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വായ്പാ വിവരങ്ങള്‍ പറയണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം എടുത്ത് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. കണ്‍കറന്റ് ആഡിറ്റര്‍ക്ക് പകരം ടീം ആഡിറ്റ് രൂപീകരിക്കും. പത്ത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഭൂമി പരിശോധന നിലവിലെ രീതി തുടരും. പത്ത് ലക്ഷത്തിനു മുകളില്‍ നല്കുന്ന വായ്പകളിലെ ഭൂമി പരിശോധനയ്ക്ക് സംഘങ്ങളിലെ ചീഫ് എക്സിക്യൂട്ടീവും രണ്ട് ഭരണസമിതി അംഗങ്ങളും പുറത്തുനിന്നുള്ള ഭൂമിയുടെ വില നിര്‍ണയ വിദഗ്ധനും ഉണ്ടാകും. സഹകരണ ആര്ബിട്രേഷന് നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സഹകരണ ആര്ബിട്രേഷന് കോടതികളിലെ പ്രിസൈഡിങ് ഓഫീസറായി ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
40 വയസിന് താഴെയുള്ള ഒരു വനിതക്കും മറ്റൊരു വ്യക്തിക്കും ഭരണസമിതികളില്‍ സംവരണം ഉറപ്പാക്കി. രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി 60 ദിവസമായി നിജപ്പെടുത്തി. ഭരണസമിതിക്ക് പകരം നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ അതാത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തും. ജൂനിയര്‍ ക്ലാര്‍ക്കിന് മുകളിലുള്ള നിയമനങ്ങള്‍ പരീക്ഷാ ബോര്‍ഡിന് നല്‍കും. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം സര്‍ക്കാരിന് നേരിട്ട് സഹകരണ സംഘങ്ങളിലെ പണം വിനിയോഗിക്കാം. ഇത് സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ ഇടയാക്കും.
ചട്ടങ്ങള്‍ തയാറാക്കുന്നതിന് സമിതി
തിരുവനന്തപുരം: സഹകരണ നിയമഭേദഗതിക്കനുസൃതമായി സഹകരണ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് സമിതി രൂപീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ ഏഴംഗ സമിതി സമയബന്ധിതമായി ചട്ടങ്ങള്‍ രൂപപ്പെടുത്തും. കമ്മിറ്റിയില്‍ 4 അംഗങ്ങള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും 3 അംഗങ്ങള്‍ സഹകരണ മേഖലയില്‍ നിന്നുള്ള വിദഗ്ധരുമായിരിക്കുമെന്ന് മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: