‘അതി വിദൂരമാം ചക്രവാളത്തിലും അകലെയാണെനിക്കെത്തേണ്ടതെങ്കിലും അയുത ജന്മങ്ങളാവശ്യമെങ്കിലും വെടികയില്ല ഞാനീവഴിത്താരയെ’ എന്ന ഭാവനയോടെ ആദര്‍ശപാതയില്‍ നിന്ന് ഒരിക്കലും ആര്‍ക്കും പിന്തിരിപ്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യവുമായി എട്ടു പതിറ്റാണ്ടോളം നീണ്ട പി.പി. മുകുന്ദന് എന്ന മുകുന്ദേട്ടന്റെ സംഘപഥത്തിലൂടെയുള്ള യാത്ര അവസാനിച്ചിരിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കൊട്ടിയൂര്‍ പെരുമാളിന്റെ മണ്ണില്‍ നിന്ന് ചികിത്സാര്‍ത്ഥം തിരുവനന്തപുരത്തെത്തിയ ഏവര്‍ക്കും പ്രിയങ്കരനായ പി.പി. മുകുന്ദേട്ടന് തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി. സംഘ പഥത്തില്‍ ഏഴ് പതിറ്റാണ്ടുകള്‍ ആര്‍എസ്എസിന്റെ താലൂക്ക് പ്രചാരക്, ജില്ലാപ്രചാരക്, വിഭാഗ്പചാരക്, പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ച്, കേരളത്തിന്റെ വിശാല ഭൂമികയിലൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്ന മുകുന്ദേട്ടന് ചെന്നെത്താത്ത ഗ്രാമവീഥികളും നഗരപഥങ്ങളുമില്ല.
ആയിരക്കണക്കിന് വീടുകളുടെ പൂമുഖവാതിലുകള്‍ അദ്ദേഹത്തിന് മുന്നില്‍ തുറന്നു കിടന്നു. കുട്ടികള്‍ക്ക് പ്രിയപ്പെട്ട അമ്മാമനും മുതിര്‍ന്നവര്‍ക്കെല്ലാം മുകുന്ദേട്ടനുമായി. പഠിച്ചു ഉയരാനുള്ള സാഹചര്യമുണ്ടായിട്ടും ഹൈസ്കൂള്‍ തല വിദ്യാഭ്യാസത്തിന് ശേഷം പത്തൊന്‍പതാം വയസ്സില്‍ ആര്‍എസ്എസ് പ്രചാരകനായി. തുടര്‍ന്ന് 1991വരെ പ്രചാരക പദവിയില്‍ സംഘ പഥത്തിലൂടെയുള്ള യാത്രയായിരുന്നു. സംഘത്തിന്റെ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘശിക്ഷാ വര്‍ഗില്‍ പരിശീലകനായി.
ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം ശക്തവും കുറേകൂടി കാര്യക്ഷമവും ആക്കണമെന്ന ചിന്ത ശക്തമായപ്പോള്‍ മുതിര്‍ന്ന ഒരു പ്രചാരകനെ സംഘടനാ സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചനകള്‍ ആരംഭിച്ചു. രണ്ടാമതൊന്നു ആലോചിക്കാതെ പി.പി. മുകുന്ദനെയാണ് സംഘം ആദൗത്യം ഏല്പിച്ചത്. 1991ല്‍ ആയിരുന്നു ആ നിയോഗം. തുടര്‍ന്ന് 13 വര്‍ഷം വിദഗ്ദ്ധനായൊരു കപ്പിത്താനെ പോലെ അദ്ദേഹം സംഘടനയെ നിയന്ത്രിച്ചു. തെരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ സംഘര്‍ഷം അടക്കമുള്ള പ്രശ്നങ്ങളെയും സമര്‍ത്ഥമായി കൈകാര്യം ചെയ്തു.
ബിജെപിയുടെ സംഘടനാ ചുമതല വഹിക്കുമ്പോള്‍ തന്നെ പതിറ്റാണ്ടുകളോളം ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറെന്ന നിലയിലും അദ്ദേഹം കര്‍മ്മ നിരതനായിരുന്നു. പത്രത്തിന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിച്ച് ആവശ്യമായ ധന ശേഖരണം നടത്തി എല്ലാ ദിവസവും പത്രം പുറത്തിറക്കി. ഇതിനിടെ ഒരു ദിവസം പത്രം അച്ചടിക്കുന്ന അയോദ്ധ്യ പ്രിന്റേഴ്സിന് തീ പിടിച്ചു. പത്രം ഇറക്കാന്‍ ആവില്ലെന്ന സാഹചര്യം ഉണ്ടായപ്പോള്‍ അദ്ദേഹം ജീവനക്കാരെയെല്ലാം കര്‍മ്മ നിരതരാക്കി പതിവ് സമയത്ത് തന്നെ പത്രം ഇറക്കാന്‍ സാഹചര്യം ഒരുക്കി.
1975ല്‍ അടിയന്തരാവസ്ഥ കാലത്ത് തൃശൂര്‍ ജില്ലാ പ്രചാരകനായിരിക്കെ മിസ പ്രകാരം’ തടവിലാക്കപ്പെട്ട മുകുന്ദേട്ടന് 19 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നു. ഇക്കാലത്ത് ജയിലില്‍ തടവുകാരായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊക്കെ ആത്മധൈര്യം നല്കി ജയില്‍ ജീവിതം ഒരു പരിശീലനശിബിരത്തിന്റെ അന്തരീക്ഷം ഉളവാക്കുന്നതാക്കി.
ആറു പതിറ്റാണ്ട് നീണ്ട സംഘടനാ യാത്രയില്‍ ഒപ്പം നടന്നവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ ഏറെയുണ്ട്. ബിജെപിയുടെ ഭാരവാഹിയായും ജന്മഭൂമിയുടെ ചുമതലക്കാരനായും ഒപ്പം നടന്ന നാളുകള്‍ ദീപ്തമായ ഓര്‍മ്മകളായി മനസ്സില്‍ ഉണ്ട്. സംഘടനാ കാര്യങ്ങളോടൊപ്പം ഓരോ പ്രവര്‍ത്തകന്റെയും കുടുംബ ജീവിതവും എപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നു. ഒരു അപകടത്തില്‍പ്പെട്ട് ദീര്‍ഘകാലം വിഷമിക്കേണ്ടി വന്നപ്പോഴും മറ്റ് നിരവധി ഘട്ടങ്ങളിലും മുകുന്ദേട്ടന്റെ സ്നേഹവും കരുതലും ലഭ്യമായത് നന്ദിയോടെ സ്മരിക്കുന്നു. ഇത് എന്റെമാത്രം അനുഭവമല്ല, അദ്ദേഹത്തോടൊപ്പം പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച എല്ലാവരുടെയും അനുഭവങ്ങളാണ്. ദൈവത്തിന്റെ കരം നീളുന്നതുപോലെ ഇരുചെവി അറിയാതെ മുകുന്ദേട്ടന്റെ കാരുണ്യ സ്നേഹ സ്പര്‍ശം അനുഭവിച്ചവര്‍ ഏറെയാണ്. സംഘടനാചുമതലയില്നിന്നും മാറി മണത്തണയിലെ കുടുംബ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അദ്ദേഹത്തെ കാണാന്‍ എത്തുന്നവരുമായി ഗതകാല സ്മരണകള്‍ പങ്കുവെച്ച് എല്ലാവരെയും അദ്ദേഹം ചേര്‍ത്തുനിര്‍ത്തി. സംഘടനാ ഭാരവാഹി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഏതു വേദിയില്‍ എത്തിയാലും ഒരു പ്രത്യേക പരിഗണന ജനങ്ങളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹം സംഘടനാ യാത്രകളില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രമേ താമസിച്ചിരുന്നുള്ളു.
മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആന്റണി തുടങ്ങിയവരുമായി രാഷ്ട്രീയത്തിനപ്പുറം ഉറ്റ സൗഹൃദം കാത്തുസൂക്ഷിച്ചു. ഈ സൗഹൃദം മൂലം രാഷ്ട്രീയ സംഘര്‍ഷ വേളകളിലും നാടിനെ നടുക്കിയ മാറാട് കൂട്ടക്കൊല അടക്കമുള്ള സംഭവങ്ങള്‍ക്ക് ശേഷം വിളിച്ചു ചേര്‍ക്കപ്പെട്ട സമാധാന ചര്‍ച്ചകളിലും മുകുന്ദേട്ടന്റെ വാക്കുകള്‍ പ്രശ്നപരിഹാരത്തിന് ഗതിവേഗമേകി. നിരന്തര യാത്രകളും ആരോഗ്യം നോക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമൊക്കെ പതുക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളായി ഡോക്ടര്‍മാരും ആശുപത്രികളുമൊക്കെ അദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്നു. ഒടുവില്‍, ഏറെപേര്‍ക്ക് സാന്ത്വന സ്പര്‍ശമായിരുന്ന, എല്ലാവര്ക്കും സ്നേഹം പകര്‍ന്ന ആ കര്‍മയോഗി പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തി വിഷ്ണുപദം പൂകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: