ഹൈദരബാദ്: കേരളവും തമിഴ്നാടും കര്‍ണാടകവും ഉള്‍പ്പെട്ട പശ്ചിമഘട്ട മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഞ്ജയ് ദീപക് റാവു (60) അറസ്റ്റില്‍. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പോലീസിന്റെ നക്സല്‍ വിരുദ്ധ വിഭാഗമാണ് അറസ്റ്റുചെയ്തത്.
വികാസ്, അനില്‍ എന്നീ പേരുകളിലാണ് കേരളത്തില്‍ ഇയാള്‍ അറിയപ്പെട്ടത്. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇയാള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കേരള എടിഎസിന് വിവരം ലഭിച്ചിരുന്നു.
സിപിഐ എംഎല്‍ നക്സല്‍ബാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സഞ്ജയ് ദീപക് 2014ല്‍ നടന്ന സംഘടനാ ലയനത്തിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായത്. 2016ല്‍ നിലമ്പൂര്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്പുദേവരാജ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് കേന്ദ്രകമ്മിറ്റി അംഗമായ ബിജി കൃഷ്ണമൂര്‍ത്തിക്കായിരുന്നു ഈ മേഖലയുടെ ചുമതല. 2021 നവംബറില്‍ കേരള എടിഎസ് ബിജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റുചെയ്തതോടെയാണ് സഞ്ജയ് ദീപകിന് ഈ മേഖലയുടെ ഏകോപന ചുമതല ലഭിച്ചത്.
ആന്ധ്ര-ഒഡീഷ അതിര്‍ത്തി, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയ മാവോയിസ്റ്റുകളെ കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടയിലാണ് സഞ്ജയ് ദീപക് പിടിയിലാകുന്നത്. ഇയാളുടെ ഭാര്യ കര്‍ണാടകയിലും പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: