പല ആളുകളും കൗതുകത്തെ മാനദണ്ഡമാക്കി സിദ്ധപുരുഷന്മാരെ അന്വേഷിച്ച് ഇറങ്ങുകയും ആഗ്രഹപൂര്‍ത്തീകരണത്തിനായുള്ള അനുഗ്രഹം കാംക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം സ്വാര്ത്ഥപൂര്ത്തീകരണത്തിനുവേണ്ടി ആരെങ്കിലും സഹായധനം നല്‍കുമോ എന്ന കാര്യം അവര്‍ വിസ്മരിക്കുന്നു. പരനന്മയ്ക്കായുള്ള കര്മ്മങ്ങള്ക്കുവേണ്ടി ഉദാരമനസ്കര്‍ വളരെയധികം ദാനം കൊടുക്കുന്നു. ഹരിശ്ചന്ദ്രന്, ദധീചി, ഭാമാഷാഹ് മുതലായവര്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടപ്പോള്‍ അതിനായി ഉദാരമായി ദാനം നല്കി. പക്ഷെ ഏതെങ്കിലും ബലിഷ്ഠ ശരീരനായ ഭിക്ഷക്കാരന് എന്തെങ്കിലും കാരണം പറഞ്ഞ് ഭിക്ഷയാചിക്കുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നു. ആദ്ധ്യാത്മിക മേഖലയില്‍ സമര്‍ത്ഥരായവരുടെ ഉപഹാരം സദ്പാത്രങ്ങള്ക്ക് കിട്ടുന്നു എന്നതാണ് പാരമ്പര്യം. അത്യാഗ്രഹികളോ, സ്വാര്‍ത്ഥരോ അവരുടെ ഉദ്ദേശസാഫല്യത്തിനുവേണ്ടി ഭിക്ഷയാചിക്കുവാനോ പോക്കറ്റടിക്കാനോ സ്വയം ആധ്യാത്മവാദി ചമയുമ്പോള്‍ അതിന്റെ രഹസ്യം ഉടന്‍ തന്നെ പുറത്തു വരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വരുന്നു.
ഈ പറഞ്ഞ പ്രകാരത്തിലുള്ള ഫലം അന്വേഷിച്ചു നീണ്ടയാത്രയും ബുദ്ധിമുട്ടും സഹിച്ച് നിരാശരായി മടങ്ങേണ്ടി വരുന്നവര്‍ സ്വന്തം മാനം കാക്കുവാന്‍ വേണ്ടി മനസ്സില്‍ തോന്നിയ കെട്ടുകഥകള്‍ ചമച്ചു പരിചയക്കാരുടെ മുമ്പാകെ തങ്ങള്‍ സിദ്ധപുരുഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ചു നീണ്ട വര്‍ണ്ണനകള്‍ വിളമ്പുന്നു. ഈ കൗതുകം കേട്ട് ചിലര്‍ക്കൊക്കെ നേരമ്പോക്ക് തോന്നാം, കുറച്ച് സമയത്തേക്ക് സംശയത്തോടെയുള്ള വിശ്വാസവും തോന്നിയേക്കാം. പക്ഷെ വസ്തുസ്ഥിതി പ്രകടമാക്കുവാന്‍ അധികസമയം വേണ്ടി വരുന്നില്ല. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉന്നത തലത്തിലുള്ള പ്രവൃത്തികള്‍ കാണപ്പെടാതെ വരുമ്പോള്‍ പറഞ്ഞതൊക്കെ പൊളിയാണെന്ന് ആളുകള്‍ മനസ്സിലാക്കുന്നു. പാരസമണിയുടെ സ്പര്‍ശം കൊണ്ട് ലോഹം സ്വര്ണ്ണമായിത്തീരുന്നു. സ്വാതിനക്ഷത്രത്തില്‍ പതിക്കുന്ന വെള്ളത്തുള്ളിയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ചിപ്പി മുത്തിന്റെ രൂപത്തില്‍ പരിവര്‍ത്തനപ്പെടുന്നു. ചന്ദനവൃക്ഷത്തിനു സമീപം വളരുന്ന ചെടികള്‍ക്കും സുഗന്ധം ഉണ്ടാകുന്നു. എങ്കില്‍ പിന്നെ സിദ്ധപുരുഷന്മാരുടെ അനുകമ്പ ലഭിക്കുന്നവര്‍ താഴ്ന്ന ജീവിതം നയിക്കുവാനോ ബാലിശമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കുവാനോ ഒരു കാരണവുമില്ല. ഗാന്ധിജിയുടെ ആത്മീയത ലഭിച്ച് വിനോബായും മഹാനായി തീര്‍ന്നു. സിദ്ധപുരുഷന്മാരുടെ ഉദ്ദേശ്യം ഏതെങ്കിലും ലോഭിയുടെയോ അഹങ്കാരിയുടെയോ ആഗ്രഹപൂര്‍ത്തീകരണം സാധിപ്പിച്ച് കൊടുക്കുക എന്നതല്ല. ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി സ്വന്തം തപസ്സിനെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുകളയുന്നില്ല. അവരുടെ അസ്ഥിത്വം തപസ്യയുടെ ഉത്കൃഷ്ടതയെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി സമര്‍പ്പിതമാണ്. അങ്ങനെയിരിക്കെ തങ്ങളുടെ ബഹുമൂല്യമായ തപസ്സിനെ ആരുടെയെങ്കിലും കൗതുകത്തിന് വേണ്ടിയോ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടിയോ ചിലവാക്കേണ്ട ആവശ്യമുണ്ടോ? ഈ നഗ്നയാഥാര്‍ത്ഥ്യം സിദ്ധപുരുഷന്മാരെ അന്വേഷിച്ചിറങ്ങി അവരില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. ഇങ്ങനെയുള്ളവര്‍ക്ക് വരദാനമോ അനുഗ്രഹമോ നേടുക എന്നതു പോകട്ടെ ദര്‍ശനം പോലും ലഭിക്കുന്നില്ല. അവര്‍ അടുത്തുള്ള സ്ഥലത്താണ് വസിക്കുന്നതെങ്കില് പോലും.
പലപ്പോഴും ഒരു ചതിയനെ വേറൊരു ചതിയന്‍ സ്വന്തം കൈപിടിയില്‍ ഒതുക്കി അവന്റെ സ്വാര്‍ത്ഥ പൂര്‍ത്തീകരണം ചെയ്യുന്നതായി കാണപ്പെടുന്നു. പ്രേതപിശാചുക്കളിലും യക്ഷഗന്ധര്വ്വരിലും ചിലര്‍ ഈ സൂത്രശാലികളായ ആളുകളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കുകയും അവരെ വലയിലാക്കി തങ്ങള്‍ക്ക് തോന്നുന്ന ഇഷ്ടമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വാഹനം എന്നവണ്ണം ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വര്‍ഗ്ഗവും സൂക്ഷ്മശരീരധാരികളാണ്. അവര്‍ക്ക് സിദ്ധപുരുഷന്മാരുടെ രൂപം ധരിക്കുന്നതിലും ബുദ്ധിമുട്ടൊന്നും ഇല്ല. മൂഢന്മാരോട് ധൂര്ത്തന്മാരെപോലെ പെരുമാറുന്നു. കൗതുകം കാണിച്ച് ആളുകളെ വശീകരിച്ച് പാവങ്ങളെപോലെ അവരെകൊണ്ട് സ്വന്തം ഇഷ്ടപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്യുന്നു. ഇപ്രകാരം പിടിപ്പിക്കപ്പെട്ടതും അകപ്പെട്ടതുമായ ആളുകള്‍ തങ്ങള്‍ സിദ്ധപുരുഷന്മാരുമായി സമ്പര്ക്കപ്പെട്ടുവെന്ന ധാരണയോടെ ഉചിതമെന്നോ അനുചിതമെന്നോ ഉള്ള ചിന്തകൂടാതെ നികൃഷ്ടകര്‍മ്മം ചെയ്യുന്നു. അഘോരന്മാര്, കാപാലികര്‍, മുതലായവര്‍ ഇങ്ങനെയുള്ള കുചക്രത്തില് അകപ്പെട്ടവരാണ്. ഇങ്ങനെയുള്ള ആളുകളുടെ പ്രവൃത്തികള്‍ മാരണം, സമ്മോഹനം, ഉച്ചാടനം, വശീകരണം മുതലായ ഹേയകൃത്യങ്ങളുമായി ചേര്‍ന്നിരിക്കുന്നു. അവര്‍ ഇങ്ങനെയുള്ള ചര്‍ച്ചകളും ശ്രമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ദേവതാസിദ്ധന്മാരാണെന്നതു പോലെയാണ് ഇവര്‍ ഭാവിക്കുന്നതെങ്കിലും വാസ്തവത്തില്‍ ഇവര്‍ ഏതെങ്കിലും പ്രേതപിശാചുക്കളുടെ വശവര്ത്തികളായിരിക്കും. അവര്‍ വിചിത്രമായ വസ്തുക്കള്‍ അദൃശ്യതയില്‍ നിന്നെടുത്തു കാണിച്ചുകൊടുക്കുന്നതും കൗതുകം ജനിപ്പിക്കുന്നു. ആശ്ചര്യകരമായ കൃത്യങ്ങള്‍ ചെയ്യുന്നതും കാണാറുണ്ട്. ഈ വ്യക്തികളുടെ ഉദ്ദേശ്യം ആശ്ചര്യചകിതരായ ആളുകളെ മോഹവലയത്തില്‍ അകപ്പെടുത്തുക എന്നതു മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: