തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ വിപണികളിലെ നാളികേര വ്യവസായത്തിന്റെ വന്‍സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സമഗ്രപദ്ധതിക്കൊപ്പം നവീകരണവും സുസ്ഥിരസമീപനവും അവലംബിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍. സിഎസ്‌ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി) പാപ്പനംകോട് കാമ്പസില്‍ സംഘടിപ്പിച്ച നാളികേര വ്യവസായ പങ്കാളിത്ത സംഗമത്തിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.
ദേശീയ അന്തര്‍ദേശീയ കമ്പോളത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഭക്ഷണത്തിനും, ആരോഗ്യത്തിനും പരിസ്ഥിതിക്കും നാളികേരം നല്‍കുന്ന സംഭാവനകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നാളികേര കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ഈ മാസം 2 നായിരുന്നു ലോക നാളികേരദിനം. ഇതിന്റെ ഭാഗമായാണ് നാളികേര പങ്കാളിത്ത സംഗമം സംഘടിപ്പിച്ചത്.
നാളികേര വ്യവസായത്തില്‍ ഗുണനിലവാരവും സുസ്ഥിരതയും മത്സരശേഷിയും പ്രധാനമാണെന്ന് ഇന്തോനേഷ്യയിലെ ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെല്‍ഫിന സി. അലോവ് പറഞ്ഞു.
ജൈവ ഇന്ധനത്തിനായും പാചകത്തിനായും ഉപയോഗിക്കാവുന്ന തേങ്ങയുടെ വിപണി സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ഒരു പ്രമുഖ വിളയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നാളികേരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്ദരാമകൃഷ്ണന്‍ പറഞ്ഞു. ആഗോളതാപനം കാരണം നാളികേര ഉത്പാദനം വളരെയധികം കുറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ കൃഷി, പ്രധാനവിളകളുടെ പരിപാലനം എന്നിവയെക്കുറിച്ചുള്ള ഗവേഷണം, പഠനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെയും നാളികേര വികസന ബോര്‍ഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നാളികേര വികസന ബോര്‍ഡ് ചീഫ് നാളികേര വികസന ഓഫീസര്‍ ഡോ. ഹനുമന്ത ഗൗഡ, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ഡോ. പോള്‍ ഫ്രാന്‍സിസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. നാളികേരകര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ. ഹനുമന്ത ഗൗഡ സംസാരിച്ചു. നാളികേര ഉത്പന്നങ്ങളുടെ വിലയിലെ ഏറ്റക്കുറച്ചിലുകളും നാളികേര സംസ്‌കരണത്തിനായുള്ള സമഗ്രതന്ത്രത്തിന്റെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെളിച്ചെണ്ണയുടെ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡിംഗ്/ലേബലിംഗിന്റെ ആവശ്യകത, തേങ്ങാവെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ, സള്‍ഫര്‍ അടങ്ങിയതും അടങ്ങാത്തതുമായ വെളിച്ചെണ്ണ തിരിച്ചറിയുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍ക്കായി എഫ്എസ്എസ്എഐ മാനദണ്ഡം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചാണ് ഡോ. പോള്‍ ഫ്രാന്‍സിസ് സംസാരിച്ചത്. പരിപാടിയുടെ ഭാഗമായി ആഗോള വിപണിയിലെ സുസ്ഥിര നാളികേര സംസ്‌കരണ തന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
തെങ്ങ് കൃഷി, വിള പരിപാലനം, മൂല്യ വര്‍ദ്ധന എന്നിവയ്‌ക്കുള്ള ഗവേഷണവികസന ഇടപെടലുകളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും പാനല്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു. നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും സുസ്ഥിര ആഗോള വിപണി ഉറപ്പാക്കല്‍, വിളവെടുപ്പിനു ശേഷമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നാളികേര കൃഷി മെച്ചപ്പെടുത്താനുള്ള വഴികള്‍ തുടങ്ങിയ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി (ഐസിസി) ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍) നയനിര്‍മാതാക്കള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍, അഗ്രിബിസിനസ് വിദഗ്ധര്‍, ഗവേഷണ, അക്കാദമിക് വിദഗ്ധര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: