ന്യൂദല്‍ഹി: ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാപനത്തില്‍ ഭാരതത്തെ പുകഴ്‌ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍. ഭാരതത്തിന്റെ നയതന്ത്ര വിജയമായും സംഘാടനമികവായും മാധ്യമങ്ങള്‍ ഇതിനെ പുകഴ്‌ത്തി. ന്യൂദല്‍ഹി പ്രഖ്യാപനത്തെ മിക്കവാറും എല്ലാ പ്രധാനപത്രങ്ങളും ടിവി ശൃംഖലകളും വലിയ നേട്ടമായി വിശേഷിപ്പിച്ചു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമാണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
‘ജി 20 ഉച്ചകോടിയില്‍ അപ്രതീക്ഷിതമായി വലിയ തലക്കെട്ടുകളുടെ ദിനം’ എന്നാണ് സംയുക്തപ്രഖ്യാപനം അംഗീകരിച്ച ദിവസത്തെ ബിബിസി വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച, ബാലി പ്രഖ്യാപനത്തില്‍ നിന്ന് ‘കണ്ണ് തുറപ്പിക്കുന്ന വിടവാങ്ങല്‍’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ദല്‍ഹി പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ‘ജി 20 ഉച്ചകോടിയില്‍ വിഭജിക്കപ്പെട്ട ലോകശക്തികള്‍ക്കിടയില്‍ മോദിയുടെ നയതന്ത്ര വിജയത്തില്‍ ഭാരതം ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നു’വെന്ന് ചിക്കാഗോ ട്രിബ്യൂണും യുഎസ് ന്യൂസും അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു.
‘ജി 20 കരാര്‍ ഗ്ലോബല്‍ സൗത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു’വെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. ‘ഉക്രൈനെക്കുറിച്ചുള്ള ജി 20 പ്രസ്താവന ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണ്’ എന്ന് ദി ഗാര്‍ഡിയന്‍ ഓഫ് യുകെ എഴുതി. ഭാരതം ഉയരുമ്പോള്‍, ജി-20 മാറുന്ന ലോക ക്രമം വെളിപ്പെടുത്തുന്നു’ എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ എഴുതിയത്. ഉച്ചകോടി അവസാനിക്കുമ്പോള്‍ ‘സന്തുലിതമായ’ പ്രഖ്യാപനത്തെ റഷ്യ പ്രശംസിക്കുന്നു’ എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോളതലത്തില്‍ രാജ്യത്തിന്റെ സ്വാധീനം വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ച സൗത്ത് ചൈന മോണിങ് പോസ്റ്റ് കുറിച്ചു. വാഷിങ്ടണ്‍ പോസ്റ്റും സിഎന്‍എന്നും ഭാരത – മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടി, ‘അസ്ഥിരമായ പ്രദേശത്തെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ചൈനയുടെ വര്‍ഷങ്ങളായുള്ള പിന്തുണയെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉത്കൃഷ്ട നിര്‍ദേശമാണിതെന്നായിരുന്നു എന്നു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: