Categories: NewsWorld

ശ്രീനാരായണഗുരു വിശ്വഗുരു: രാംനാഥ് കോവിന്ദ്

Published by

മനാമ(ബെഹറിന്‍): ശ്രീനാരായണഗുരു ലോകചരിത്രത്തിലെ സമാനതകളില്ലാത്ത വ്യക്തി വൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവായിരുന്നുവെന്ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ബഹറിനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ബില്ലവ അസോസിയേഷന്‍ – ഗുരുസേവാസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 169-ാമത് ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്‍ ലോകനേതാക്കന്മാരായ മഹാപുരുഷര്‍ക്ക് ആദരണീയനായിരുന്നു. നോബല്‍ സമ്മാന ജേതാവും പ്രസിദ്ധ സാഹിത്യകാരനും ചിന്തകനുമായിരുന്ന റോമാങ്ങ് റോളണ്ട് ഗുരുദേവനെ കര്‍മ്മനിരതനായ മഹാജ്ഞാനി എന്നാണ് വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധിയും ഗുരുദേവനെ ദര്‍ശിച്ചത് ഒരു പുണ്യമായികണ്ടു. ഗുരുദേവനെ ദര്‍ശിച്ചതിന് ശേഷം സി.എഫ് ആന്‍ഡ്രൂസ് പറഞ്ഞത് ‘ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു എന്നാണ്, രാംനാഥ് കോവിന്ദ് പറഞ്ഞു.

ഗുരുവിന് തുല്യനായ ഒരു മഹാത്മാവിനേയും ലോകത്തൊരിടത്തും കണ്ടിട്ടില്ലെന്ന് രവീന്ദ്രനാഥ് ടാഗോര്‍ പറഞ്ഞു. ജാതി, മതഭേദങ്ങളില്ലാതെ എല്ലാവരും ഒന്നായി കഴിയുന്ന ഒരു മാതൃകാ ലോകം സൃഷ്ടിക്കണമെന്നതാണ് അരുവിപ്പുറം സന്ദേശത്തിന്റെ കാതല്‍. ഇതിലൂടെ ഒരു മാതൃകാരാജ്യം വാര്‍ത്തെടുക്കുവാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധുബംഗാരപ്പ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ ജീവിതത്തേയും ദര്‍ശനത്തേയും ആസ്പദമാക്കി സച്ചിദാനന്ദസ്വാമി രചിച്ച വിശ്വഗുരു(ഇംഗ്ലീഷ് പതിപ്പ്) രാംനാഥ് കോവിന്ദ് പ്രകാശനം ചെയ്തു. ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, സല്‍മാന്‍ ബില്‍ഹമദ് അല്‍ഖലീഫ എന്നിവര്‍ ഗ്രന്ഥം സ്വീകരിച്ചു. ശിവഗിരിമഠത്തിന്റെ ഗുരുദേവ സന്ദേശ പ്രചരണങ്ങള്‍ക്ക് എല്ലാ സഹായവും ഉണ്ടാകുമെന്ന് മധു ബംഗാരപ്പ പ്രഖ്യാപിച്ചു. ബഹറിന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുഖ്യരക്ഷാധികാരി കെ.ജി. ബാബുരാജ് പ്രഭാഷണം നടത്തി. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. സിനിമാതാരം നവ്യനായര്‍, ഗുരുധര്‍മ്മപ്രചരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by