തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്‍. ഇത്രയേറെ കുറ്റകൃത്യങ്ങള്‍ നടന്ന കാലം മുന്‍പുണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പ് ഗൂഡ സംഘമാണ് നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സുരക്ഷ നല്‍കുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പൊലീസ് സ്റ്റേഷനുകള്‍ വഴി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങള്‍ അറിയാനും രജിസ്ട്രേഷനുമായി തൊഴില്‍ വകുപ്പ് ‘അതിഥി’ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.
പൊലീസിനെ ഗൂഢസംഘം നിയന്ത്രിക്കുന്നുവെന്ന ആരോപണം മനോനിലയുടെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിമര്‍ശിക്കുന്നവരുടെ മനോനിലയെ കുറ്റപ്പെടുത്തുന്ന മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നല്കി.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് സഭയില്‍ അവതരണാനുമതി നിഷേധിച്ചു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന് അന്‍വര്‍ സാദത്ത് കുറ്റപ്പെടുത്തി.കുറ്റകൃത്യം നടക്കുന്നതിന് മുന്‍പ് തടയാന്‍ പൊലീസിന് സാധിക്കണം. പൊലീസ് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ല.മുഖ്യമന്ത്രിക്കാണ് സുരക്ഷയൊരുക്കുന്നത്. ആലുവയിലെ കുട്ടി രക്ഷപ്പെട്ടത് അയല്ക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് . പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: