കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ സംഭവത്തെ തുടര്‍ന്ന് അടിയന്തിര സന്ദര്‍ശനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍.
ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം പ്രസിഡന്റ് ഷേത്രത്തിനുള്ളില് പ്രവേശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. സംഭവത്തില്‍ ക്ഷേത്രത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതിലും ചൂണ്ടി കാണിക്കാത്തത്തിലും ദേവസ്വം ഉദ്യോഗസ്ഥരെയും ക്ഷേത്ര ഉപദേശക സമിതിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍ ശകാരിച്ചു. എന്തിനാണ് നിങ്ങളൊക്കെ ഇവിടെ ഇരിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചോദ്യം.
ക്ഷേത്രത്തിലെ ശോചനീയാവസ്ഥയും പടിഞ്ഞാറ്റിന്‍കര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തി.
നിര്‍മ്മാല്യ ദര്‍ശനത്തിനിടയില്‍ ഭക്തയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്താനും, ക്ഷേത്രത്തിനുള്ളില്‍ ഉള്ള പുക പുറത്തേക്ക് പോകാനുള്ള സംവിധാനവും, ശ്രീ കോവിലിനുള്ളില്‍ നടപ്പാതയില്‍ വിള്ളലുകള്‍ അടയ്ക്കാനും, ഗണപതി നടയില്‍ ഉള്‍പ്പടെ ഭക്തര്‍ക്ക് നനയാതിരിക്കാന്‍ പൊളിമര്‍ ഗ്ലാസ് മേല്‍ക്കൂര, കാക്ക വല എന്നിവ സ്ഥാപിക്കാനും, ഉള്ള തീരുമാനം എടുക്കാന്‍ ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പൊളിമര്‍ ഗ്ലാസ് മേല്‍ക്കൂര, ചില അറ്റ കുറ്റ പണികളും വിനായക എസ് അജിത് കുമാര്‍ സംഭവനയായി ചെയ്തു നല്‍കും. അഞ്ചു വര്‍ഷം മുന്നേ ഇത് ചെയ്തു നല്‍കാനുള്ള സംവിധാനവും പണവും നല്‍കിയിട്ടും അന്നത്തെ ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ സമ്മതിച്ചില്ല എന്നും വിനായക എസ് അജിത്കുമാര്‍ പറഞ്ഞു. ശ്രീകോവിലിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള നിര്‍മ്മാണത്തിനുള്ള കരാരുകാരന്, ക്ഷേത്ര ഉപദേശസമിതി, ഉദ്യോഗസ്ഥര്‍ എന്നിവരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത് എത്തി ചേരാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദ്ദേശം നല്കി.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സൈജു ലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആതിര, പടിഞ്ഞാറ്റിന്‍കര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത്കുമാര്‍, ഗണപതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖന് ആചാരി,ഷീല ഉല്ലാസ്, ശ്രീകുമാര്‍, രവീന്ദ്രന് കവുവിള,ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസിഡന്റിനൊ പ്പം ഉണ്ടായിരുന്നു.
പനയ്ക്കല്‍ കാവിന് മുന്നിലായി നിലനില്‍ക്കുന്ന ശൗചാലയം മാറ്റി സ്ഥാപിക്കാനും, ദേവസ്വം എ സി ഓഫിസിന് സമീപം പുതുതായി നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് സൗകര്യം വര്‍ധിപ്പിക്കാനും, മുന്‍പ് വാങ്ങിയ ഭൂമിയില്‍ പാര്‍ക്കിങ്ങിനും മറ്റുമായി വഴി ഒരുക്കാനും പദ്ധതി തയ്യാറാക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍ നിര്‍ദ്ദേശം നല്കി.
ക്ഷേത്രത്തിലെ ശോചനീയവസ്ഥ പരിഹാരങ്ങള്‍ക്ക് കാരണമായത് ക്ഷേത്രത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനും ക്ഷേത്ര ഉപദേശക സമിതിയ്ക്കും നേരെയുള്ള ഭക്തയുടെ പ്രതിഷേധാമാണ്. പടിഞ്ഞാറ്റിന്‍കര നിവേദ്യത്തില്‍ അനിതകുമാരിയാണ് പ്രതിഷേധവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: