പേട്ട: സ്ത്രീ ശാക്തീകരണം സമൂഹത്തില്‍ അത്യന്താപേക്ഷിതമാണെന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. മഹിളാ സമന്വയ വേദിയുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനങ്ങളുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് ശ്രീകണ്ഠേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പ്രാധാന്യമാണ് വേണ്ടത്. സാക്ഷരതയില്‍ കേരളം മുന്നിലാണെന്ന് പറയുമ്പോഴും പലയിടങ്ങളിലും തുല്യത വിളിപ്പാടകലെയാണ്. ഗോത്ര സമൂഹത്തിനിടയില്‍ തുല്യത പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ട്. കുറ്റങ്ങള്‍ സൃഷ്ടിച്ച് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ രീതികള്‍ ഗോത്ര സമൂഹത്തിലില്ല. കുറ്റങ്ങള്‍ ആരുടെ ഭാഗത്തായാലും ഒരുപോലെ അത് പരിഹരിക്കപ്പെടും. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്ത് തുല്യത ഉറപ്പുവരുത്തുകയാണ് ഗോത്ര സമൂഹം ചെയ്യുന്നത്.
സമൂഹത്തിലെ ഏത് മേഖലയിലായിരുന്നാലും സ്ത്രീകള്‍ സ്വന്തം കാലില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രയത്നിക്കണമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, കലാ, കായികരംഗത്തുള്ളവര്‍, അഭിഭാഷകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള വനിതകളുടെ മഹാസംഗമം സംഘടിപ്പിക്കുകയാണ് മഹിളാ സമന്വയ വേദിയുടെ ലക്ഷ്യം.
തിരുവനന്തപുരം ജില്ലാ സ്ത്രീശക്തി സമ്മേളനം നവംബര്‍ 26 ന് ഉദയ കണ്വന്ഷന് സെന്ററില്‍ നടക്കും. ചടങ്ങില്‍ മഹിള സമന്വയ വേദി ജില്ലാ ജോയിന്റ് കണ്‍വീനര്‍ നീലിമ ആര്. കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ അഡ്വ. ജി. അഞ്ജനാ ദേവി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍നായര്‍, ലക്ഷ്മിപ്രിയ, സൂര്യാ പ്രേം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: