മങ്കൊമ്പ്: കുട്ടനാട്ടില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കെതിരെ തൊഴിലാളി വര്‍ഗ വഞ്ചകരെന്ന് അധിക്ഷേപിച്ച് സിപിഎം പോസ്റ്റര്‍ പ്രചാരണം. സിപിഐ പ്രവേശനത്തിന് നേതൃത്വം നല്കിയ നേതാക്കളെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന എ.എസ്. അജിത്ത്, ബി.കെ.കുഞ്ഞുമോന്, മുന്‍ ഏരിയ കമ്മിറ്റി അംഗം എന്‍.ഡി. ഉദയന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.
ഇതിന് പിന്നാലെയാണ് അജിത്ത് അടക്കമുള്ളവര്‍ തൊഴിലാളിവര്‍ഗത്തെ ഒറ്റുകൊടുത്തവര്‍ ആണെന്ന കുറ്റപ്പെടുത്തി പോസ്റ്ററുകള്‍ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയിലെ വിഭാഗീയത കാരണം 222 പേരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. ഇവരില്‍ 156 പേര്‍ക്ക് പൂര്‍ണ അംഗത്വവും ബാക്കിയുള്ളവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വവും സിപിഐ നല്‍കിയിരുന്നു. തകഴി ഏരിയ കമ്മറ്റിയില്‍ കൂടുതല്‍ സിപിഎമ്മുകാര്‍ സിപിഐയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
കുട്ടനാട്ടില്‍ പൊതുവെ ദുര്‍ബലമായിരുന്ന സിപിഐക്ക് സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഗുണകരമായിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മുകാരുടെ പാര്‍ട്ടി പ്രവേശനം ആഘോഷമാക്കുന്നതില്‍ സിപിഐ നേതൃത്വം ഭയക്കുകയാണ്. മുന്‍പ് കുട്ടനാട്ടിലും, ആലപ്പുഴ നഗരത്തിലും സിപിഎം, സിപിഐ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇത് ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഉണ്ട്. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കാലുവാരുമോ എന്ന ഭയവും സിപിഐക്കുണ്ട്. സിപിഎം വിട്ടവരെ പാര്‍ട്ടിയില്‍ എടുക്കാന്‍ ആദ്യം ജില്ലാ നേതൃത്വം മടികാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പച്ചക്കൊടി കാട്ടിയത്.
പാര്‍ട്ടിയില്‍ നിന്ന് ആരും വിട്ടുപോയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന സിപിഎം നേതൃത്വവും ഒടുവില്‍ സിപിഐയില്‍ ചേര്‍ന്നവരെ പുറത്താക്കിയതോടെ ശക്തമായ പ്രതികരിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. വര്‍ഗ വഞ്ചകരെ സഖാക്കള്‍ എങ്ങനെ നേരിടും എന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: