ന്യയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി അമേരിക്കന്‍താരം കോകോ ഗൗഫും ബെലാറൂസിയന്‍ താരം അരൈന സബലെങ്കയും നേര്‍ക്കുനേര്‍ പോരടിക്കും. ഇരുവരും സെമിഫൈനല്‍ മത്സരങ്ങള്‍ ജയിച്ച് മുന്നേറി. കരോലിന മുച്ചോവയെ ഗൗഫ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. അമേരിക്കന്‍താരം മാഡിസന്‍ കെയ്സ് ജയമുറപ്പിച്ച ഇടത്തു നിന്നും മത്സരം തിരികെ പിടിച്ചാണ് സബലെങ്കയുടെ മുന്നേറ്റം.
സ്കോര്‍: 6-4, 7-5 നാണ് ഗൗഫ് മുച്ചോവയെ തോല്‍പ്പിച്ചത്. വിംബിള്‍ഡണിലെ ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായ ഗൗഫിന് ഈ ഫൈനല്‍ പ്രവേശത്തിലൂടെ വലിയ ഉയര്ത്തെഴുന്നേല്പ്പാണുണ്ടായിരിക്കുന്നത്. -അന്നത്തെ പരാജയത്തിന് ശേഷം ഞാന്‍ സത്യമായും പ്രതീക്ഷിച്ചിരുന്നില്ല, ഈ സീസണിലെ ഹാര്‍ഡ് കോര്‍ട്ടില്‍ ഇങ്ങനെയൊരു മുന്നേറ്റത്തിന് സാധിക്കുമെന്ന്, അതിനാല്‍ ഈ പ്രകടനമികവില്‍ അഭിമാനിക്കുന്നു- മത്സരശേഷം ഗൗഫ് പറഞ്ഞു.
താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ താരം ഇഗ സ്വിയാറ്റെക്കിനോട് പരാജയപ്പെട്ടിരുന്നു. ഇതിഹാസ താരം സെറീന വില്ല്യംസിന് ശേഷം ചെറുപ്രായത്തില്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയ താരം എന്ന പ്രത്യേക കൂടി 19കാരിയായ ഗൗഫിനുണ്ട്. 1999ല്‍ ആദ്യമായി ഫൈനല്‍ കളിച്ച സെറീനയ്ക്ക് 17 വയസായിരുന്നു പ്രായം.
നാളെ പുലര്‍ച്ചെയോടെ നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അരൈന സബലെങ്കയാണ് ഗൗഫിനെ കാത്തിരിക്കുന്നത്. മറ്റൊരു അമേരിക്കന്‍ താരം മാഡിസന്‍ കെയ്സിനെ സെമിയില്‍ തോല്‍പ്പിച്ചാണ് സബലെങ്കയുടെ വരവ്. ആദ്യ സെറ്റില്‍ 0-6ന് അടിയറവയ്ക്കുകയും രണ്ടാം സെറ്റില്‍ 3-5ന് പിന്നില്‍ നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്നാണ് സബലെങ്ക വിജയത്തിലേക്ക് കുതിച്ചത്. സ്കോര്‍: 0-6, 7-6(1), 7-6(5).
നിരവധി കടുത്ത മത്സരങ്ങളില്‍ ഞാന്‍ തോറ്റുപോയിട്ടുണ്ട്. അതില്‍ നിന്നെല്ലാം വീഴ്ചയുടെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ പിന്നീടത്തെ മത്സരങ്ങളില്‍ സാധിച്ചു. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് പരാജയപ്പെടുന്നതിന്റെ അവസാന പോയിന്റ് വരെ പടപൊരുതും, അതിലൂടെ എനിക്ക് താളം കണ്ടെത്താനാകും, എന്റെ കളി കണ്ടെത്താനാകും, എന്നെ തന്നെ കണ്ടെത്താനാകും- മത്സരശേഷം സബലെങ്ക പറഞ്ഞു.
നിലവിലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് ഈ ബെലാറൂസിയന്‍ താരം. ഇഗ സ്വിയാറ്റെക് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതോടെയാണ് സബലെങ്ക ലോക ഒന്നാം റാങ്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: