ന്യൂദല്‍ഹി: ജി20 ഉച്ചകോടിയ്ക്ക് സമാന്തരമായി 15 ലോകനേതാക്കളുമായി മോദി നടത്തുന്ന വ്യക്തിപരമായ കൂടിക്കാഴ്ചകളില്‍ ആദ്യത്തേത് വെള്ളിയാഴ്ച ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി നടന്നു. പ്രധാനമന്ത്രി മോദിയുടെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
ജി20യില്‍ അംഗങ്ങളല്ലെങ്കിലും ബംഗ്ലദേശ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളെ മോദി പ്രത്യേകം ദല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു. ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്റ്സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്പെയിന്, യുഎഇ എന്നിവയാണ് മോദിയുടെ പ്രത്യേക അതിഥികളായി എത്തുന്നത്.
ഷേഖ് ഹസീനയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് പിന്നീട് മോദി എക്സില്‍ കുറിച്ചു. കഴിഞ്ഞ 9 വര്‍ഷമായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ബന്ധം സന്തോഷമുളവാക്കുന്നതാണ്. വാണിജ്യബന്ധം, കണക്റ്റിവിറ്റി തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ന്യൂദല്‍ഹിയിലെ പഴയ എക്സിബിഷന് സെന്ററായ പ്രഗതി മൈതാനിനെ 2700 കോടി ചെലവില്‍ പുതുക്കിപ്പണിഞ്ഞ് സ്ഥാപിച്ച ഭാരത് മണ്ഡപം കണ്വെന്ഷന് സെന്ററിലാണ് സെപ്തംബര്‍ 9,10 തിയതികളില്‍ ജി20 ഉച്ചകോടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: