വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പല്‍ സെന്‍ഹുവാ 15 കൂറ്റന്‍ ക്രെയിനുകളുമായി ചൈനീസ് തീരം വിട്ടു. കാലാവസ്ഥ അനുകൂലമായാല്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കപ്പല്‍ വിഴിഞ്ഞം തീരത്തടുക്കും. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പല്‍ എന്ന പേര് ഹോങ്കോങ് രജിസ്ട്രേഷനുള്ള ജനറല്‍ കാര്‍ഗോ വിഭാഗത്തില്‍പ്പെട്ട സെന്‍ഹുവാ 15 എന്ന കപ്പലിന് ഇതോടെ സ്വന്തമാകും.
ഏറ്റവും വലിയ ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്ഹുവാ പോര്‍ട്ട് മെഷിനറി കമ്പനി (ഇസഡ്പിഎംസി) നിര്‍മിക്കുന്ന സൂപ്പര്‍ പോസ്റ്റ് പനാ മാക്സ് ക്രെയിനും നാല് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമായാണ് സപ്തംബര്‍ 2ന് പടുകൂറ്റന്‍ കപ്പല്‍ യാത്ര തിരിച്ചത്. 90 മീറ്റര്‍ ഉയരവും 60 മീറ്റര്‍ കടലിലേക്ക് തള്ളി നില്ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാ മാക്സ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ്. കപ്പലില്‍ നിന്നും കണ്ടെയ്നറുകള്‍ വാഹനങ്ങളില്‍ എടുത്തുവയ്ക്കുന്നത് ഈ ക്രെയിനുകളാണ്. റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകള്‍ യാര്‍ഡിലാണ് ഉറപ്പിക്കുന്നത്. യാര്‍ഡിലെ കയറ്റിറക്കുമതിക്കാണ് ഇവ ഉപയോഗിക്കുന്നത്. പൂര്‍ണമായും ഭാഗങ്ങള്‍ ഘടിപ്പിച്ചാണ് ക്രെയിനുകള്‍ എത്തിക്കുന്നത്. ഇത്തരത്തിലുള്ള എട്ട് എണ്ണം വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കും. ആദ്യമെത്തുന്ന നാല് റെയിന്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളില്‍ രണ്ടെണ്ണം ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞത്തിന് വേണ്ടിവരുന്ന മറ്റ് മുപ്പത് റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും ഏഴ് പനാമാക്സ് ക്രെയിനുകളുമായി ഇതിന് പിന്നാലെയുള്ള കപ്പലുകള്‍ തുറമുഖത്ത് ഡിസംബറിനുള്ളില്‍ എത്തും. 1500 കോടി രൂപയോളമാണ് ക്രെയിനുകള്‍ക്ക് മാത്രമായി ചെലവഴിക്കുന്നത്.
സപ്തംബറില്‍ വിഴിഞ്ഞം തുറമുഖത്ത് ആദ്യകപ്പല്‍ അടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ അറിയിച്ചിരുന്നു. കടലിലൂടെയുള്ള യാത്രയ്ക്കിടയില്‍ കാലാവസ്ഥ അനുകൂലമായാല്‍ സെന്‍ഹുവാ ഈ മാസം 28ന് വിഴിഞ്ഞം തീരത്തടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അല്ലാത്തപക്ഷം ഒരാഴ്ച വരെ അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ വാഹനങ്ങളില്‍ എടുത്തുവയ്ക്കാന്‍ ചുമതലപ്പെട്ട പാനാമാക്സ് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ തുറമുഖത്ത് ഉറപ്പിച്ച് വാര്‍ഫും പൂര്‍ത്തിയാകുന്നതോടെ 2024 മെയ് മാസത്തില്‍ അന്താരാഷ്ട്ര തുറമുഖം കമ്മീഷന് ചെയ്യാനാകുമെന്നാണ് നിര്‍മാണ കമ്പനിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: