ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കള്‍ മടക്കിയെത്തിക്കാന്‍ ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇതിനകം നിരവധി പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ 1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്റെ ജനറലായിരുന്ന അഫ്സല് ഖാനെ വധിക്കാന്‍ ഛത്രപതി ശിവാജി മഹാരാജ് പ്രയോഗിച്ച ഐതിഹാസിക ‘വാഗ് നഖ്’ തിരികെ നല്കാന് ബ്രിട്ടണ് സമ്മതിച്ച വാര്‍ത്തയാണ് വരുന്നത്.കടുവയുടെ നഖങ്ങളെ അനുസ്മരിപ്പിക്കുന്ന ആയുധമാണിത്.
ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് ഇത് ഇപ്പോഴുളളത്. സാംസ്കാരിക കാര്യ സഹമന്ത്രി സുധീര്‍ മുന്ഗന്തിവാര് ഈ മാസം അവസാനം ലണ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത് മടക്കിയെത്തിക്കാന്‍ ധാരണാപത്രം ഒപ്പുവയ്ക്കും.
ഛത്രപതി ശിവാജി മഹാരാജിന്റെ വാഗ് നഖ് തിരികെ നല്കാന് തയ്യാറാണെന്ന് ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി മന്ത്രി മുന്ഗന്തിവാര് അറിയിച്ചു. അഫ്സല് ഖാനെ ശിവാജി വധിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇത് തിരികെ കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ വാഗ് നഖിന് വലിയ പ്രാധാന്യമുണ്ട്.ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 10 നാണ് അഫ്സല് ഖാനെ വധിച്ചത്.എന്നാല്‍ ഹിന്ദു തിഥി കലണ്ടര്‍ അനുസരിച്ച് തീയതി നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ആദ്യത്തെയും നാലാമത്തെയും വിരലുകളില്‍ രണ്ട് വളയങ്ങളുള്ള ഒരു ബാറില്‍ ഘടിപ്പിച്ചിരിക്കുന്ന നാല് നഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഉരുക്കില്‍ നിര്‍മ്മിച്ച ആയുധമാണ് വാഗ് നഖ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: