കാഞ്ഞാണി: പെരിങ്ങോട്ടുകരയിലെ പുതിയ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണം എങ്ങുമെത്താതെ അനന്തമായി നീണ്ടു പോകുന്നു. 2020-21 ബജറ്റില്‍ സ്റ്റേഷന് പണിയാന്‍ രണ്ടര കോടി രൂപ അനുവദിച്ചിട്ടും ആഭ്യന്തര വകുപ്പ്, റവന്യൂ വകുപ്പിനോട് സ്ഥലം വിട്ടു കിട്ടാന്‍ അപേക്ഷ നല്കാന് തയ്യാറാകാത്തതാണ് സ്റ്റേഷന് നിര്‍മാണം വൈകാന്‍ കാരണം. ആഭ്യന്തര വകുപ്പ് ഇനിയും വൈകിപ്പിച്ചാല്‍ സ്റ്റേഷന് പണിയാന്‍ അനുവദിച്ച തുക മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് സി.സി. മുകുന്ദന് എംഎല്‍എ വ്യക്തമാക്കി.
രണ്ടര കോടി രൂപ ചിലവില്‍ പെരിങ്ങോട്ടുകരയില്‍ സ്റ്റേഷന് കെട്ടിടം പണിയാന്‍ ഒരുവര്‍ഷം മുന്‍പ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയെങ്കിലും എസ്പി ഓഫീസില്‍ നിന്നും കളക്ടര്‍ക്ക് അപേക്ഷ നല്കാന് ഇതുവരെ തയ്യാറാകാത്തതാണ് നിര്‍മാണം ആരംഭിക്കാന്‍ വിലങ്ങു തടിയായതെന്നാണ് ആരോപണം. പോലീസിലെ ഉന്നതരുടെ അലംഭാവമാണ് ഇതിന് കാരണമായി പറയുന്നത്.
അന്തിക്കാട് പോലീസിന് ക്രമസമാധാന പാലനം കൈപ്പിടിയില്‍ ഒതുങ്ങാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ അടക്കം അന്തിക്കാട് സ്റ്റേഷന് വിഭജിച്ച് ചാഴൂര്‍, താന്ന്യം മേഖലകള്‍ക്കായി പുതിയ പോലീസ് സ്റ്റേഷന് വേണമെന്ന് തീരുമാനിക്കുന്നത്. അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, ചാഴൂര്‍, താന്ന്യം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലേക്ക് ഒരേ സമയം കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ ഓടിയെത്താനാകാതെ അന്തിക്കാട് പോലീസും ബുദ്ധിമുട്ടും.
പെരിങ്ങോട്ടുകരയിലെ പോലീസ് ഔട്ട് പോസ്റ്റ് നില്ക്കുന്ന അരയേക്കറോളം സ്ഥലമാണ് നിര്‍ദിഷ്ട പോലീസ് സ്റ്റേഷന് പണിയാന്‍ കണ്ടെത്തിയത്. സ്റ്റേഷന് പണിയാന്‍ ഉദ്ദേശിക്കുന്നത് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ്. ഈ ഭൂമി സ്റ്റേഷന് പണിയാന്‍ വിട്ടു കിട്ടണമെങ്കില്‍ എസ്പിയുടെ ഓഫിസില്‍ നിന്ന് റവന്യു വകുപ്പ് അധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ കിട്ടിയാല്‍ ഉടന്‍ അനുമതിയും സ്റ്റേഷന് നിര്‍മാണം ആരംഭിക്കുകയും ചെയ്യാം.
എന്നാല്‍ ഒരു വര്‍ഷമായിട്ടും അപേക്ഷ നല്കാന് എസ്പി ഓഫീസില്‍ നിന്ന് തയ്യാറാകാത്തതോടെ എംഎല്‍എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനത്തെ നാലാമത്തെ സ്റ്റേഷനായി നിര്‍മ്മിക്കാന്‍ അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പോലീസിലെ ഉന്നതരുടെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റേഷന് നിര്‍മ്മിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കില്‍ നിര്മ്മാണത്തിനനുവദിച്ചു കിടക്കുന്ന സംഖ്യ മറ്റു വികസന കാര്യങ്ങള്‍ക്കായി മാറ്റി ചിലവഴിക്കുമെന്ന് അറിയിച്ച് സി.സി. മുകുന്ദന് എംഎല്‍എ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: