ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ചേര്‍ന്ന സഖ്യം പുരുഷ ഡബിള്‍സ് ഫൈനലില്‍.ഫ്രഞ്ച് ജോഡിയായ നിക്കോളാസ് മഹൂത്-പിയറി-ഹ്യൂഗ്‌സ് ഹെര്‍ബര്‍ട്ട് സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
ഇന്ന് രാത്രി നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടീഷ്-അമേരിക്കന്‍ ജോഡി ജോ സാലിസ്ബറി-രാജീവ് റാമിനെ ബൊപ്പണ്ണ സഖ്യം നേരിടും.
ആറാം സീഡ് അമേരിക്കന്‍ താരം കൊക്കോ ഗൗഫും ബെലാറസ് രണ്ടാം സീഡ് അരിന സബലെങ്കയും തമ്മിലാണ് ഞായറാഴ്ച വനിതാ സിംഗിള്‍സ് ഫൈനല്‍. കൊക്കോ ഗൗഫ് സെമിഫൈനലില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ 6-4, 7-5 ന് പരാജയപ്പെടുത്തിയപ്പോള്‍, ഇന്ന് രാവിലെ നടന്ന സെമിയില്‍ അരിന സബലെങ്ക അമേരിക്കയുടെ 17-ാം സീഡ് മാഡിസണ്‍ കീസിനെ 0-6, 7-6, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും 2021 യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ഡാനില്‍ മെദ്വദേവും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ബെന്‍ ഷെല്‍ട്ടണുമായി ഏറ്റുമുട്ടും.
ഇന്ന് രാത്രി നടക്കുന്ന വനിതാ ഡബിള്‍സ് സെമിയില്‍ ജര്‍മ്മന്‍-റഷ്യന്‍ ജോഡികളായ ലോറ സീഗെമുണ്ടും വെരാ സ്വൊനാരേവയും അമേരിക്കന്‍-ബ്രസീല്‍ ജോഡികളായ ജെന്നിഫര്‍ ബ്രാഡി-ലൂയിസ സ്റ്റെഫാനി ജോഡിയെ നേരിടുമ്പോള്‍ ന്യൂസിലന്‍ഡിന്റെ എറിന്‍ റൗട്ട്ലിഫ്-കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കി ജോഡി ചൈനയുടെ വാങ് സിന്‍യു- തായ്വാനിലെ ഹ്സീഹ് സു-വെയ് സഖ്യവുമായി മത്സരിക്കും.
മിക്സഡ് ഡബിള്‍സില്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അമേരിക്കന്‍ ജോഡിയായ ഓസ്റ്റിന്‍ ക്രാജിസെക്കും ജെസീക്ക പെഗുലയും കസാക്കിസ്ഥാന്റെ അന്ന ഡാനിലീന-ഫിന്‍ലന്‍ഡിന്റെ ഹാരി ഹെലിയോവാര സഖ്യത്തെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: