ഇടുക്കി: പീരുമേട്ടിൽ യാതൊരു വിധ മുൻകൂർ അനുമതിയും ഇല്ലാതെ കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. 13 ജീവനക്കാർക്കാണ് എക്‌സിക്യൂട്ടീവ് എൻജീനിയർ നോട്ടീസ് നൽകിയിട്ടുള്ളത്.
സെപ്റ്റംബർ ഒന്നാം തീയതി ഉച്ചകഴിഞ്ഞാണ് സംഭവം. അന്നേ ദിവസം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിൻറെ കാരണം അന്വേഷിച്ച് പോത്തുപാറയിലെ സെക്ഷൻ ഓഫിസിലേക്ക് ഉപഭോക്താക്കൾ വിളിച്ചു. എന്നാൽ ജീവനക്കാർ എല്ലാവരും ടൂർ പോയതിനാൽ തകരാർ പരിഹരിക്കാൻ സാധിക്കില്ലെന്ന വിചിത്ര മറുപടിയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചത്. 16 മണിക്കൂറുകളോളമാണ് അന്ന് വൈദ്യുതി ലഭിക്കാതിരുന്നത്.
ഇത്തരത്തിൽ പരാമർശം നടത്തിയതിനാണ് ടെലിഫോൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് നോട്ടിസ് നൽകിയത്. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് പീരുമേട് സെക്ഷൻ ഓഫീസിലെ ഹാജർ ബുക്കിൽ ഒപ്പു വയ്‌ക്കാതിരുന്നവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫിസിൽ ടെലിഫോൺ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന രണ്ട് പേരോടും എക്‌സിക്യൂട്ടിവ് എൻജിനീയർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനകം കാരണം ബോധിപ്പിക്കാനാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: