‘മതവും വേദവും പഠിക്കുന്നതിനു ഒരു സവിശേഷവിഭാഗത്തിനേ അര്‍ഹതയുള്ളൂ എന്നൊന്നുമില്ല. അതു പഠിക്കാന്‍ സംന്യാസം സ്വീകരിക്കുകയോ കാവിയുടുക്കുകയോ മീശവളര്‍ത്തുകയോ ചെയ്യണം എന്നുമില്ല.’ കേരളക്കരയില്‍ ഉയര്‍ന്നു കേട്ട ഇത്ര വിപ്ലവകരമായ ശബ്ദത്തിന്റെ ഉടമതന്നെയാണു ഇവിടം ഭ്രാന്താലയം എന്നു വിളിച്ച വിവേകാനന്ദസ്വാമികള്‍ക്ക് ചിന്മുദ്രയുടെ ജ്ഞാനരഹസ്യത്തെ ബൃഹദാരണ്യകോപനിഷത്തിന്റെ ഭാഷ്യഭാഗം പറഞ്ഞു കേള്‍പ്പിച്ചു വിശദമാക്കിനല്‍കിയതും. അതു ആധുനികകേരളത്തിന്റെ നവയുഗസ്രഷ്ടാവായി ഇവിടത്തെ സാംസ്കാരിക പൊതുബോധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിത്തിരുവടികളത്രേ. അദ്ദേഹത്തിന്റെ ജനനം 1853ആഗസ്റ്റ് 25 ന് കൊല്ലൂരിലാണ്. താമരശ്ശേരി വാസുദേവശര്‍മ്മയുടെയും നങ്ങമ്മപ്പിള്ളയുടെയും മകനായിജനിച്ച സ്വാമികള്‍ക്ക് കേവലം ആറുവയസ്സുള്ള സഹോദരന്റെ നിര്യാണം ബാല്യകാലത്തിലുണ്ടായതു സത്യാന്വേഷണജിജ്ഞാസയ്ക്കു ആക്കം കൂട്ടിയിട്ടുണ്ടാകും.
പില്ക്കാലത്ത് സുബ്ബജടാപാഠികളെപ്പൊലുള്ള ഗുരുക്കന്മാരുടെയും ബാലാസുബ്രഹ്മണ്യമന്ത്രോപദേഷ്ടാവായ സദ്ഗുരുനാഥന്റെയും കൃപയ്ക്കുപാത്രമായതു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവുകളായിരുന്നു. പാഠങ്ങള്‍ മറഞ്ഞു നിന്നു കേട്ട് പഠിച്ചപ്പോള്‍ കുഞ്ഞായിരുന്ന കുഞ്ഞനെ മറവില്‍ നിന്നും വീണ്ടെടുത്തു ഉയര്‍ന്നജാതിക്കാര്‍ക്കൊപ്പം സംസ്കൃതം പഠിപ്പിച്ച ശാസ്ത്രികളും ‘ചട്ടമ്പി ‘എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനിടയാക്കിയ പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ ശിക്ഷണവും എല്ലാം സ്വാമികളുടെ യോഗ്യതയാല്‍ സംഭവിച്ച ഈശ്വരാനുഗ്രഹത്തിന്റെ ഗുരുകൃപകളായിരുന്നു. സാമ്പ്രദായികവിധിപ്രകാരമുള്ള ഒരു സംന്യാസിനാമമല്ല അദ്ദേഹത്തിനുള്ളതെന്നതും നാമരൂപങ്ങള്‍ക്കു പരിതത്ത്വമായി പ്രകാശിക്കുന്ന പരബ്രഹ്മസ്വരൂപമാണു താനെന്നയറിവിനാല്‍ അപ്രസക്തമായതുതന്നെ. തത്ത്വമറിഞ്ഞു തത്ത്വമായിത്തീര്‍ന്ന ജ്ഞാനിക്കു വേദങ്ങള്‍ പ്രമാണമല്ല. വേദത്തിനു ആ ജ്ഞാനി പ്രാമാണികനാണു എന്നതാണു വസ്തുത. 1881ല്‍ വടിവീശ്വരത്തുവച്ചു താന്‍ പിന്തുടര്‍ന്ന അവധൂതനായ സദ്ഗുരുവില്‍നിന്നു ദീക്ഷാസമ്പ്രദായ പ്രകാരം ദിവ്യോപദേശം ലഭിക്കുകയും ഷണ്മുഖദാസനെന്ന അദ്ദേഹം ബ്രഹ്മസാക്ഷാത്കാരം നേടി ചട്ടമ്പി സ്വാമികള്‍ എന്നു അറിയപ്പെടുകയും ചെയ്തു.
മഹാജ്ഞാനിയുടെ ജ്ഞാനവിജ്ഞാനസാകല്യം
1875ല്‍ പരിചയപ്പെട്ട മഹാപണ്ഡിതനായിരുന്ന സുബ്ബജഡാപാഠികള്‍ കല്ലടക്കുറുച്ചിയില്‍ കൊണ്ടുപോയി സകലവിദ്യാപാരംഗതനാക്കി. 1879ല്‍ അദ്ദേഹത്തെ പിരിഞ്ഞു ദക്ഷിണ ഭാരതംമുഴുവന്‍ സഞ്ചരിച്ചു. ഒടുവില്‍ മരുത്വാമലയിലെത്തി ആത്മാനന്ദയോഗിക്കുശിഷ്യപ്പെട്ട് ഗൂഢശാസ്ത്രങ്ങള്‍അഭ്യസിച്ചു. ക്രിസ്തീയപുരോഹിതര്‍ക്കൊപ്പം വസിച്ചു ബൈബിളും മുസ്ലീം തങ്ങളുടെയടുത്തുനിന്നും ഖുര്‍ആനും മനസ്സിലാക്കി. കാശി, ഹിമാലയന്‍ പ്രദേശങ്ങളെല്ലാം സഞ്ചരിച്ചു അറിവിനെ പാകപ്പെടുത്തിയശേഷമാണു നാട്ടിലെത്തിയത്. സമൂഹത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങളുടെ വേലിക്കെട്ടുകള്‍ താന്‍ തന്നെ നേരിട്ടിടപെട്ട് പൊളിച്ചു കളഞ്ഞു നവോത്ഥാനത്തിനുപാതയൊരുക്കി.
പ്രസിദ്ധമായ കൂപക്കരമഠത്തിലെ താളിയോലഗ്രന്ഥങ്ങളും സ്വാംശീകരിച്ചു വിദ്യാധിരാജനായിത്തീര്‍ന്നു. വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍ ആത്മജ്ഞാനത്തിലൂടെ അവനവനെത്തന്നെയും പൂര്‍ണമാക്കുന്ന തത്ത്വപദേശങ്ങളരുളിയതു പില്ക്കാലത്തു കൃതികളായിരൂപപ്പെടുത്തിയതു നവോത്ഥാനത്തിനു ആക്കം കൂട്ടി. അവ കേരള ജനതയ്ക്ക് മുക്തിയും ശാന്തിയും പ്രദാനം ചെയ്ത് അന്ധവിശ്വാസങ്ങളും ജാതീയമായ ഭേദവിചാരങ്ങളും ഇല്ലായ്മചെയ്യാന്‍ എക്കാലത്തും സഹായകങ്ങളാണു. അവ ആത്മജ്ഞാനകൃതികള്‍ മാത്രമല്ല,, നിരൂപണം, വിമര്‍ശനം, ഭാഷോല്പത്തി, ഗവേഷണം, ശുചിത്വം, സ്ത്രീസമത്വം എന്നിങ്ങനെ വിവിധ മേഖലകളെ ആശ്ലേഷിച്ചു നില്ക്കുന്നു.
വേദം പഠിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ‘വേദാധികരനിരൂപണ’ത്തിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചതു നൂറ്റാണ്ടുകളുടെ കീഴ് വഴക്കങ്ങളെ കടപുഴക്കിയെറിയുന്നതായിരുന്നു. കേരളോല്പത്തി തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളുടെ ജന്മത്തന്യായീകരണത്തിനു അടിസ്ഥാനമില്ലെന്നു സ്വാമികള്‍ ‘പ്രചീനമലയാള’ത്തില്‍ വാദിക്കുന്നു. സമ്പത്തിന്റെ കുത്തകാവകാശം ജാതീയതയെ ആശ്രയിച്ചു നില്ക്കുന്ന സാമൂഹികക്രമത്തെയും ഈ കൃതിയില്‍ ചോദ്യം ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അങ്ങനെ ആദ്യംതന്നെ നേരിട്ട് എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതു അദ്ദേഹമാണ്. ബ്രാഹ്മണര്‍ തങ്ങളുടെ നിലനില്പിനായി രൂപപ്പെടുത്തിയ അനാചാരങ്ങളെ അദ്ദേഹം ഈകൃതിയില്‍ ചോദ്യം ചെയ്തു.
കേരളത്തിന്റെ പ്രാചീന ചരിത്രവസ്തുതകള്‍, സംസ്കാരം, ഭാഷാശാസ്ത്രം എന്നിങ്ങനെ ആധുനികമെന്നു പറയുന്ന വിജ്ഞാനധാരകളിലും ആദ്യകാല സംഭാവനകളേകാന്‍ സ്വാമികള്‍ക്കായി.’ക്രിസ്തുമതനിരൂപണം’, ബൈബിളെങ്ങനെ ആത്യന്തികജ്ഞാനത്തിനു സഹായകരമാകുമെന്നുപറയുമ്പോള്‍ ‘ക്രിസ്തുമതഛേദനം’ മതപരിവര്‍ത്തനവും മറ്റുമായി ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന മിഷണറിപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതാണു.
‘ജീവകാരുണ്യ പഞ്ചക’മാകട്ടെ അഹിംസയിലടിയുറച്ച ജീവകാരുണ്യത്തെ വിഭാവനം ചെയ്യുന്നു.’മോക്ഷപ്രദീപഖണ്ഡനം’ രാജയോഗം മാത്രമാണു മോക്ഷമാര്‍ഗമെന്ന ബ്രഹ്മാനന്ദശിവയോഗിയുടെ തത്ത്വത്തെ തള്ളുന്നതാണ്.’ശരീരതത്ത്വസംഗ്രഹം’ ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിനു അവശ്യമാണെന്ന ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ ആശയത്തെ പിന്‍പറ്റുന്ന വ്യക്തിശുചിത്വത്തെ പ്രതിയുള്ള കൃതിയാണ്. ആദിഭാഷ, ദേശനാമങ്ങള്‍, പ്രാചീനമലയാളം, ഭൂഗോളശാസ്ത്രം, ഇവയെല്ലാം ആ മഹാജ്ഞാനിയുടെ ജ്ഞാനവിജ്ഞാനങ്ങള്‍ക്കു അകമെന്നൊ പുറമെന്നോ ഒരു ഭേദവുമില്ലാതെ സര്‍വതും സത്യജിജ്ഞാസുവിനു അന്യമല്ലെന്നു ബോധിപ്പിക്കുന്നു. ഇവകൂടാതെ മോക്ഷകാരിയായ ധാരാളം ജ്ഞാനശാസ്ത്രകൃതികളുമദ്ദേഹത്തിന്റെതായുണ്ട്.
മഹാഗുരുവര്‍ഷത്തെ ജ്ഞാനപദ്ധതികള്‍
ഭാരതം കണ്ട മഹാജ്ഞാനികളില്‍ പ്രധാനിയായ സ്വാമികളെ, ജന്മനടായ കേരളം ആ മഹാഗുരുവിനു വിനീതപ്രണാമം അര്‍പ്പിച്ചു ആദരപൂര്‍വം മഹാഗുരുവര്‍ഷം ആയി ഈ നൂറ്റിഎഴുപതാം ജയന്തി വര്‍ഷം ആചരിക്കുന്നു. മഹാഗുരു പകര്‍ന്നരുളിയ ജ്ഞാനസംസ്കാരത്തിലൂടെ മുന്നേറുന്ന ഒരു ജനത ഇവിടെയുണ്ടാകുമ്പോള്‍ മാത്രമേ അതു പൂര്‍ണമെന്നവകാശപ്പെടാനാകൂ. അദ്ദേഹം താനാര്‍ജിച്ച ജ്ഞാനവിജ്ഞാനങ്ങള്‍ സമൂഹത്തില്‍ താഴേത്തട്ടില്‍ ഉള്ളവര്‍ക്കും പ്രയോജനപ്പെടണമെന്ന നിലപാടുസ്വീകരിച്ചു ജാതീയമായ ഉച്ചനീചത്വങ്ങളില്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. ആത്മജ്ഞാനം ആര്‍ജ്ജിച്ചു സ്വതന്ത്രരാകാനും അന്ധവിശ്വസങ്ങളുച്ചാടനം ചെയ്യാനും സമൂഹത്തെ ജാഗ്രതപ്പെടുത്തി. ഈ മഹാഗുരുവര്‍ഷത്തില്‍ അത്തരം സദ്പ്രവര്‍ത്തനങ്ങളേറ്റെടുത്തു നടത്താനാകണം. മദ്യത്തിനും മയക്കുമരുന്നിനും ക്രൂരമായ നരബലിപോലുള്ള ദുരാചാരങ്ങള്‍ക്കും അറുതിവരുത്താനാകണം. മഹാഗുരുവിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങളേറ്റെടുത്തു പ്രചരിപ്പിക്കാന്‍ സാമൂഹിക കലാസാംസ്കാരികരംഗത്തെ പ്രമുഖര്‍ മുന്നോട്ടു വരണം. അദ്ദേഹത്തിന്റെ കൃതികളുടെ ജ്ഞാനസന്ദേശങ്ങള്‍ പത്രമാദ്ധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ പ്രക്രിയയിലൂടെയും സ്വാംശീകരിക്കുവാനുള്ള പദ്ധതികള്‍ രൂപപ്പെടേണ്ടതുണ്ട്. ഇവിടെയാണു അത്തരംകാര്യങ്ങളില്‍ മാതൃകാപ്രവര്‍ത്തനം കാഴ്ചവച്ച പി.കെ.ട്രസ്റ്റിന്റെ ‘ചട്ടമ്പി സ്വാമിപഠനങ്ങള്‍’ പോലുള്ള കൃതികളുടെ പ്രസക്തി. ചട്ടമ്പസ്വാമികളുടെ സംഭാവനകളെ ആര്‍ഷവിജ്ഞാനീയം, ജീവചരിത്രവിജ്ഞാനീയം, ദര്‍ശനവിജ്ഞാനീയം, സംവേദനവിജ്ഞാനീയം, ജ്ഞാനവിജ്ഞാനീയം, ഗവേഷണവിജ്ഞാനീയം, ജ്ഞാന നിര്‍മാണവിജ്ഞാനീയം, ഭാഷാ ശാസ്ത്രവിജ്ഞാനീയം, ഭാഷാവിജ്ഞാനീയം, സാഹിത്യവിജ്ഞാനീയം, സാഹിത്യവിമര്‍ശനവിജ്ഞാനീയം, പാഠവിമര്‍ശവിജ്ഞാനീയം, കലാവിജ്ഞാനീയം, ചരിത്രവിജ്ഞാനീയം, നവോത്ഥാനവിജ്ഞാനീയം, കീഴാളത്തനിഷേധവിജ്ഞാനീയം, ലിംഗനീതിവിജ്ഞാനീയം, സംസ്കാരപഠനവിജ്ഞാനീയം എന്നിങ്ങനേ 18അദ്ധ്യായങ്ങളായിത്തിരിച്ചു വിവിധ മേഖലകളിലെ വിദഗ്ധരായവര്‍ നിര്‍വഹിച്ച ബൃഹത്പഠനഗ്രന്ഥത്തെ അവ്വിധം സംവിധാനം ചെയ്ത എഡിറ്റര്‍ ഡോ.എ.എം.ഉണ്ണിക്കൃഷ്ണന് ഈ വര്‍ഷത്തെ വിദ്യാധിരാജ പുരസ്കാരത്താല്‍ ആദരവു നല്കുമ്പോള് അദ്ദേഹം ആ കൃതയുടെ ആമുഖത്തില്‍ സ്വാമികളെപ്പററിപറയുന്നതു ‘ശങ്കരാചാര്യര്‍ക്കുശേഷം കേരളം ജന്മം നല്കിയ ഏറ്റവും സ്വതപ്രാമാണ്യമുള്ള വ്യക്തിയാണു ചട്ടമ്പി സ്വാമികള്‍.’എന്നത്രേ. കേരളീയ ധൈഷണികചരിത്രത്തിലെ അപൂര്‍വതയും അനന്വയവുമായി സ്വാമികളെ അദ്ദേഹം വിലയിരുത്തുന്നു.
ചട്ടമ്പി സ്വാമികള്‍ സൃഷ്ടിച്ച തീര്‍ത്ഥപാദസമ്പ്രദായത്തില്‍ സംന്യാസിശിഷ്യരെപ്പോലെതന്നെ അദ്ദേഹം ഗൃഹസ്ഥശിഷ്യരിലും യോഗ്യരായവര്‍ക്കു മന്ത്രോപദേശവും സംന്യാസനാമവും നല്കിയതു ഭാരതീയ ഋഷിപാരമ്പര്യത്തിലെ വേറിട്ട അദ്ധ്യായമാണ്. ആ ഗൃഹസ്ഥശിഷ്യരില്‍പെട്ട ശ്രീനാരായണതീര്‍ത്ഥപാദര്‍ക്ക് ആ സംന്യസ നാമം നല്കി ബാലസുബ്രഹ്മണ്യ മന്ത്രോപദേശമരുളിയതു ചട്ടമ്പി സ്വാമികള്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ അരുന്ധതിയമ്മയുടെ മകനാണ് ഈ മഹാഗുരുവര്‍ഷത്തെ വിദ്യാധിരാജ പുരസ്കാരത്തിനര്‍ഹനായതെന്നതും സ്വാമികളുടെ കൃപതന്നെയാണ്. ഇത്തരം സദുദ്യമങ്ങളില്‍ ആധുനികകാലത്തും തുണയായി ജ്ഞാനമാര്‍ഗത്തെ നയിക്കുന്നുവെന്നതിനു നിദര്‍ശനമാണ്.
‘ഒരന്‍പതുകൊല്ലംകഴിയട്ടെ ഈ കിഴവന് പറഞ്ഞതെല്ലാം ആളുകള്‍ കൂടുതല്‍ ഗൗനിക്കാന്‍തുടങ്ങും’എന്നു സ്വാമികള്‍ മുമ്പ് പറഞ്ഞതു എത്ര അന്വര്‍ത്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: