ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം പോളണ്ട് കാരി ഇഗ സ്വിയാറ്റെക്കിനെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്ത് യലേന ഒസ്റ്റപെങ്കോ ഒരിക്കല്‍ കൂടി കരുത്തുകാട്ടി. നിലവിലെ ചാമ്പ്യന്‍ കൂടിയായ ഒന്നാം സീഡ് താരം ഇഗയെ കരുത്തന്‍ പോരാട്ടത്തിലൂടെ ടൂര്‍ണമെന്റിന്റെ നേരത്തെ തന്നെ പറഞ്ഞയച്ചിരിക്കുകയാണ് ഒസ്റ്റപെങ്കോ എന്ന ലാത്വിയക്കാരി. സ്‌കോര്‍: 3-6, 6-3, 6-1.
തോല്‍വിയോടെ തുടര്‍ച്ചയായ 75 ആഴ്‌ച്ചകള്‍ക്ക് ശേഷം വനിതാ സിംഗിള്‍സ് ടെന്നിസിലെ ഒന്നാം റാങ്കില്‍ നിന്നും ഇഗ താഴേക്കിടിയും എന്ന് ഉറപ്പായി. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ബെലാറൂസിയന്‍ താരം അരൈന സബലെങ്ക ആദ്യമായി ഒന്നാം റാങ്കിലേക്കുയരും.
ലാത്വിയക്കാരി ഒസ്റ്റപെങ്കോയുടെ അഗ്രസീവ് ഗെയിമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് ഇഗ കീഴടങ്ങിയത്. നിലവിലെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യന്‍, ഒന്നാം സീഡ് താരം എന്ന ഭാരവുമായി അതീവ സമ്മര്‍ദ്ദത്തിലായിരുന്ന ഇഗയെ ആദ്യ സെറ്റില്‍ പിന്നിലായിപോയശേഷവും ടാക്കിള്‍ ചെയ്യാന്‍ ലാത്വിയന്‍ താരത്തിന് എളുപ്പത്തില്‍ സാധിച്ചു. താന്‍ ഉള്‍പ്പെടെയുള്ള സബലെങ്ക, എലേന റൈബാക്കിന, ബാര്‍ബോറ ക്രെയ്‌സിക്കോവ എന്നീ ബിഗ് ഹിറ്റേഴ്‌സിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇഗയ്‌ക്ക് സാധിക്കില്ലെന്ന് മത്സരശേഷം ഒസ്റ്റപെങ്കോ പറഞ്ഞു. അഗ്രസീവ് ഗെയിമലൂടെ പവര്‍ഷോട്ട് മത്സരം പുറത്തെടുത്താല്‍ ഇഗയെ സമ്മര്‍ദ്ദത്തിലാഴ്‌ത്താനാകുമെന്ന കണക്കുകൂട്ടല്‍ വിജയിക്കുകയായിരുന്നു-ഒസ്റ്റപെങ്കോ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ഇഗയുടെ വീഴ്ചകള്‍. കഴിഞ്ഞ കുറേ മാസങ്ങളായി വനിതാ സിംഗിള്‍സില്‍ ടോപ് പൊസിഷനില്‍ സ്ഥിരതയോടെ ഇഗ നിലകൊള്ളുന്നുണ്ട്. ഇക്കാലത്താണ് കരിയറില്‍ മൂന്ന് തവണ ഒസ്റ്റപെങ്കോയുമായി ഏറ്റുമുട്ടിയത്. മൂന്നിലും പരാജയപ്പെട്ടു. 2019ല്‍ ബിര്‍മിങ്ഹാമിലായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നെ 2021ല്‍ ഇന്ത്യന്‍ വെല്‍സില്‍. രണ്ടിലും പരാജയപ്പെട്ടു. കഴിഞ്ഞകൊല്ലം ദുബായി ഓപ്പണിലെ കൂടികാഴ്‌ച്ചയില്‍ തുടര്‍ച്ചയായി 37 മത്സരങ്ങളില്‍ വിജയിച്ചുനില്‍ക്കെയാണ് ഇഗ ഒസ്റ്റപെങ്കോയ്‌ക്ക് മുന്നില്‍ തോറ്റത്. ഇന്നലത്തെ തോല്‍വിയോടെ നേര്‍ക്കുനേര്‍ പോരാട്ടഫലം 4-0 ആയി.
2017ല്‍ ചെറുപ്രായത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിക്കൊണ്ടാണ് ഇഗ ലോക ടെന്നിസില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത്. താരത്തിനൊപ്പം മുന്നേറിയ കൗമാരക്കാരികളായ നവോമി ഒസാക്ക, എമ്മാ റാഡുക്കാനു എന്നിവര്‍ സ്ഥിരത കണ്ടെത്താനാകാതെ പകച്ചപ്പോള്‍ ഇപ്പോള്‍ 22വയസിലെത്തിനില്‍ക്കുന്ന ഇഗ മാത്രം ഗംഭീരമായി മുന്നേറി. പക്ഷെ ഇത്തവണത്തെ തോല്‍വി താരത്തിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മികവിന് നേര്‍ക്ക് ചോദ്യമുയര്‍ത്തുന്നുണ്ട്.
ഓപ്പണിങ് സെറ്റില്‍ വളരെ ആത്മവിശ്വാസത്തോടെ ഇഗ പൊരുതി. ഒസ്റ്റപെങ്കോയെ കീഴടക്കി. രണ്ടാം സെറ്റിലേക്ക് വരുമ്പോള്‍ സമ്മര്‍ദ്ദത്തിലകപ്പെടാതെ കരുതലോടെ നിലകൊണ്ട ഒസ്റ്റപെങ്കോ തന്റെ അടിത്തറ ഭദ്രമാക്കി. എങ്കിലും ഇഗ പൊരുതി. തുല്യനിലയില്‍ പോരാട്ടം മുന്നേറി.
മികച്ച പോരാട്ടത്തിനൊടുവില്‍ സെറ്റ് പിടിച്ചെടുത്ത് ഒസ്റ്റപെങ്കോ ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ കൂടുതല്‍ ആര്‍ജവത്തോടെ ലാത്വിയന്‍ താരം പൊരുതിയപ്പോള്‍ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക് അടിമുടി പതറി. ഒരവസരത്തില്‍ 5-0ന് സെറ്റില്‍ ഒസ്റ്റപെങ്കോ ആധീശത്വം സ്ഥാപിച്ചു. ഒടുവില്‍ അനിവാര്യമായ തോല്‍വിയിലേക്ക് വഴുതി ഇഗ തന്റെ കുതിപ്പ് കിതപ്പോടെ അവസാനിപ്പിച്ചു.
മികച്ചത് പുറത്തെടുക്കാനാണ് ശ്രമിച്ചത്, പക്ഷെ എവിടയോ നിയന്ത്രണം നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാനായില്ല. പരാജയശേഷം ഇഗ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: