ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയണം എന്ന വിവാദ പരാമര്‍ശം നടത്തിയ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്റെ പരാതിയിലാണ് വിവിധ വകുപ്പുകള്‍ പ്രകാരം ദല്‍ഹി പൊലീസാണ് തിങ്കളാഴ്ച കേസെടുത്തത്.
സനാതന ധര്‍മ്മത്തെ ഡെങ്കി, കൊറോണ, മലമ്പനി എന്നിവയെപ്പോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നാണ് ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നടന്ന ഒരു യോഗത്തില്‍ പ്രസംഗിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 183എ, 295,504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സനാതനധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പ്രസ്താവന പ്രകോപനപരവും അപകീര്‍ത്തികരവും അക്രമത്തിന് പ്രേരിപ്പിക്കുന്നതും ആണെന്ന് പരാതിയില്‍ പറയുന്നു. ഐടി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചാവിഷയമായി. നൂറ്റാണ്ടുകളായി തമിഴ്നാടുമായി ആഴത്തില്‍ ബന്ധമുള്ള സനാതനധര്‍മ്മത്തെക്കുറിച്ച് യുവാവായ ഉദയനിധി സ്റ്റാലിന് വേണ്ടത്ര ധാരണയില്ലെന്ന വിമര്‍ശനം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: