ആര്. ഹരി രചിച്ച ‘ഭീഷ്മഗീത’ എന്ന പുസ്തകം തൃശൂരില്‍ നടന്ന ചടങ്ങില്‍ സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന് പ്രകാശനം ചെയ്യുന്നു
തൃശൂര്‍: വിഷയം എന്തുതന്നെയായാലും അതിനെക്കുറിച്ച് ആധികാരികമായും തത്വപ്രധാനമായും യുക്തിഭദ്രമായും പ്രതിപാദിപ്പിക്കുവാനും സന്ദര്‍ഭോചിതമായ മാര്‍ഗദര്‍ശനം നല്കുവാനും സമര്‍ത്ഥനായ മഹാഭാരതത്തിലെ ഭീഷ്മപിതാമഹനു തുല്യനാണ് ആര്. ഹരിയെന്ന് (രംഗഹരി) സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്. തൃശൂര്‍ ശാരദാ ഗുരുകുലത്തില്‍ ആര്. ഹരിയുടെ ഭീഷ്മഗീതയെന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ.വി. വാസുദേവന്‍ പുസ്തകം ഏറ്റുവാങ്ങി.
രാഷ്ട്രമീമാംസയടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉത്തരം തേടേണ്ടത് ഭീഷ്മാചാര്യരോടാണെന്ന് ബുദ്ധിമാനും ധര്മനിരതനുമായ യുധിഷ്ഠിരനെ യോഗേശ്വരനായ ശ്രീകൃഷ്ണന് പോലും ഉപദേശിച്ചിരുന്നു. അതനുസരിച്ച് യുധിഷ്ഠിരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന ഭീഷ്മര്‍ വിവിധ ധര്‍മങ്ങളെക്കുറിച്ചും മറ്റും നല്കുന്ന ഉപദേശങ്ങള്‍ ഏതുകാലത്തും പ്രസക്തിയുള്ളവയാണ്. ശാന്തിപര്‍വത്തിലും മറ്റുമായി ചിതറിക്കിടക്കുന്ന അത്തരം തത്വങ്ങള്‍ തെരഞ്ഞെടുത്ത് സരണമായ അര്‍ത്ഥത്തോടുകൂടി പ്രതിപാദിക്കുന്ന ‘ഭീഷ്മഗീത’ ഒരു അമൂല്യ ഗ്രന്ഥമാണ്.
മഹാഭാരതത്തെയും ഉത്തമ കഥാപാത്രങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പുതിയ എഴുത്തുകാരില്‍നിന്നും തികച്ചും വ്യത്യസ്തനാണ് ഹരി. ബഹുഭാഷാപണ്ഡിതനും സൂക്ഷ്മദൃക്കും ഉത്തമമാര്ഗ ദര്ശനകനുമായ ഈ ആധുനിക ഭീഷ്മാചാര്യരെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ഡോ. പി. കെ. മാധവന് അഭിപ്രായപ്പെട്ടു.
ഡോ. ഗിരിധര്‍ റാവു, ഡോ. പി. നന്ദകുമാര്‍, ഡോ. മഹേശ്വരന്, പി.ആര്. ശാരി സംസാരിച്ചു. കേന്ദ്രീയ സംസ്കൃത സര്‍വകലാശാലയാണ് സംസ്കൃതത്തിലും ഹിന്ദിയിലുമായ രചിക്കപ്പെട്ട പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: