കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജനം ടിവിക്ക് നല്കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴിതുറന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങളില്‍ ബിനാമി ബിസിനസുണ്ടെന്നും ഇവയെല്ലാം യുഎഇയിലും ഷാര്‍ജയിലും അജ്മാനിലുമാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നതെന്നും സ്വപ്ന, അഭിമുഖത്തില്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ‘കെ’പദ്ധതികളെല്ലാം ‘വി’ പദ്ധതികളാണെന്നും (വിജയന്) പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ വന്‍ സ്രാവുകളെ കണ്ടെത്തി അവരില്‍ നിന്ന് ആദ്യമേ പണം വാങ്ങുമെന്നും സ്വപ്ന തുറന്നടിച്ചു.
പിന്നീടാണ് അത് വെറും കടലാസ് പദ്ധതിയാണെന്ന് അവര്‍ തിരിച്ചറിയുക. മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും എതിര്‍ക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടാകില്ല. ശിവശങ്കര്‍ നേതൃത്വം നല്കിയ ഐടി വകുപ്പിലാണ് കൂടുതല്‍ കടലാസ് പദ്ധതികളുണ്ടായതെന്നും സ്വപ്ന പറഞ്ഞു. ഇത്തരം പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ താനും
പങ്കെടുത്തതായി സ്വപ്ന വ്യക്തമാക്കി. ദുബായ്യിലും ഇത്തരം ചര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍ താന്‍ പങ്കെടുത്ത ഒരു ചര്‍ച്ചയിലും വീണ പങ്കെടുത്തിട്ടില്ല. വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. ശിവശങ്കറാണ് ഇതിന് മുന്‍കൈ എടുത്തത്. എന്നാല്‍ മക്കള്‍ തിരുവനന്തപുരത്ത് പഠിക്കുന്നതിനാല്‍ താന്‍ നിരസിച്ചതായും സ്വപ്ന പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ മകനാണ് എഐ ക്യാമറ പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. ജയരാജന് വ്യവസായ മന്ത്രിയായിരുന്ന സമയത്തായിരുന്നു പദ്ധതിയുടെ ചര്‍ച്ച. ജയരാജന്റെ മകനുമായി ഇക്കാര്യത്തിനു രണ്ടു തവണ ദുബായില്‍ താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എഐ ക്യാമറ അഴിമതി നിറഞ്ഞതാണ് സ്വപ്ന പറഞ്ഞു.
കടലാസ് കമ്പനി രജിസ്റ്റര്‍ ചെയ്താണ് തന്നെ നിയമിച്ചത്. തന്നെ നിയമിക്കാന്‍ പ്രൈസ് വാട്ടര്‍കൂപ്പേഴ്സ് തടസ്സം പറഞ്ഞപ്പോള്‍, ഔറംഗാബാദ് കേന്ദ്രീകരിച്ച് വിഷന്‍ ടെക്നോളജീസ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇതേ കമ്പനിയുടെ പേരില്‍ കെഫോണില്‍ ഒരാളെ നിയമിച്ചിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊരു കമ്പനിയേയില്ല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: